ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെ ഉത്തർപ്രദേശ്, ബീഹാർ ഉൾപ്പെടെ 21 സംസ്ഥാനങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 70 മുതൽ 72 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സെപ്റ്റംബർ 20ന് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കിഴക്കൻ ഇന്ത്യയിലെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നേരിയ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശിലെ നോയിഡ, മുസാഫർനഗർ, മീററ്റ്, അലിഗഡ്, ഹാപൂർ, ഹർദോയ്, ഝാൻസി, പ്രയാഗ്രാജ്, ഗോരഖ്പൂർ, ദിയോറിയ തുടങ്ങിയ ജില്ലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാറിലെ പട്ന, ഗയ, മുസാഫർപൂർ, ദർഭംഗ, മധുബാനി, സുപൗൾ, പൂർണിയ, കതിഹാർ, കിഷൻഗഞ്ച്, ബെഗുസാരായി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഝാർഖണ്ഡിലെ ദിയോഘർ, ഗിരിദിഹ്, ഹസാരിബാഗ്, ബൊക്കാറോ, വെസ്റ്റ് സിംഗ്ഭും, ഈസ്റ്റ് സിംഗ്ഭും, ഗുംല, പലാമു തുടങ്ങിയ മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനൊപ്പം കനത്ത മഴയും പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിലെ ദൗസ, ജലവാർ, കോട്ട, അജ്മീർ, ടോങ്ക്, കരൗലി, ജോധ്പൂർ, ജുൻജുനു തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പുണ്ട്. മധ്യപ്രദേശിലെ ഛത്തർപൂർ, ഉമരിയ, ഭിൻഡ്, കട്നി, ഇൻഡോർ, ബാലാഘട്ട്, രത്ലാം, ഝബുവ, മണ്ഡ്ല, ഭോപ്പാൽ തുടങ്ങിയ മേഖലകളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിലെ ചമോലി, ഡെറാഡൂൺ, പിത്തോരാഗഡ്, പൗരി ഗർവാൾ, രുദ്രപ്രയാഗ്, ബാഗേശ്വർ, നൈനിറ്റാൾ ജില്ലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ചമ്പ, ഷിംല, മാണ്ഡി, സോളൻ, കാൻഗ്ര, ഉന തുടങ്ങിയ മേഖലകളിലും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദം വരും ദിവസങ്ങളിൽ കിഴക്കൻ, മധ്യ ഇന്ത്യയിലെ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 21ന് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും തുടർന്ന് സെപ്റ്റംബർ 22ഓടെ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനത്തിൽ ഒഡീഷ, ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബീഹാർ, ഝാർഖണ്ഡ് ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥയെയും ഈ വ്യവസ്ഥ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
