ശാന്തൻപാറയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു, മേഖലയിൽ പ്രതിഷേധം ശക്തം

ഇടുക്കി: ശാന്തൻപാറ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. ജോലി സ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടതെന്നാണ് വിവരം.

വഴിയിൽ കാട്ടാനയെ കണ്ട വിജയൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രദേശത്ത് പതിവായി എത്തുന്ന ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. പുലർച്ചെയും രാത്രിയിലും ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് പതിവായിട്ടും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി വനമേഖലയോട് ചേർന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ശാന്തൻപാറയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഗുരുതര കാട്ടാന ആക്രമണമാണിത്. മൂന്ന് ദിവസം മുൻപ് മൂന്നാർ മേഖലയിൽ നടന്ന മറ്റൊരു കാട്ടാന ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ സംഭവങ്ങൾ ഹൈറേഞ്ച് മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

കാട്ടാനകളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തിയ വിവരം യഥാസമയം കണ്ടെത്താനോ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ അധികൃതർക്ക് കഴിഞ്ഞില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ചിന്നക്കനാൽ, ശാന്തൻപാറ, പന്നിയാർ തുടങ്ങിയ മേഖലകളിൽ മനുഷ്യ-കാട്ടാന സംഘർഷം വർഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ 20 മുതൽ 25 വർഷത്തിനിടെ ചിന്നക്കനാൽ മേഖലയിൽ മാത്രം ഇരുപതിലധികം പേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിരവധി വീടുകളും കൃഷിയിടങ്ങളും കാട്ടാന ആക്രമണങ്ങളിൽ നശിച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി വിവിധ ഘട്ടങ്ങളിൽ പ്രത്യേക പദ്ധതികളും സുരക്ഷാ സംവിധാനങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനാതിർത്തികളിലെ നിരീക്ഷണം ശക്തിപ്പെടുത്തുക, കാട്ടാനകളുടെ നീക്കം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, ആർആർടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകുക തുടങ്ങിയ നടപടികൾ അടിയന്തരമായി വേണമെന്നാണ് ആവശ്യം.

തുടർച്ചയായി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ താൽക്കാലിക നടപടികൾകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ദീർഘകാല പദ്ധതിയാണ് വേണ്ടതെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വിജയന്റെ മരണത്തോടെ പ്രദേശത്ത് വീണ്ടും പ്രതിഷേധവും ആശങ്കയും ശക്തമായിരിക്കുകയാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

Leave a Comment

More News