മഹാഭാരതത്തിലെ അഭിമന്യു എന്ന കഥാപാത്രം ഒരു യുദ്ധവീരൻ എന്നതിലുപരി, വളരെ ചെറുപ്പത്തിൽ തന്നെ അസാധാരണമായ ധൈര്യവും യുദ്ധപാടവവും പ്രകടിപ്പിച്ച ഒരു യുവാവിന്റെ പ്രതീകവും കൂടിയാണ്. അർജുനന്റെയും സുഭദ്രയുടെയും മകനും ശ്രീകൃഷ്ണന്റെ സഹോദരീപുത്രനുമായ അഭിമന്യു പാണ്ഡവരുടെയും യാദവരുടെയും മഹത്തായ പാരമ്പര്യത്തിന്റെ അനന്തരഅവകാശിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മഹത്വം ജന്മപരമ്പരയിൽ മാത്രംഉണ്ടായതല്ല, പ്രതിസന്ധിയുടെ മുന്നിൽ പിൻമാറാതിരുന്ന ഉറച്ച മനസ്സിൽ നിന്നാണ് അത് രൂപപ്പെട്ടു വന്നത്. മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥ അതുകൊണ്ടുതന്നെ ഒരു ധീരയുവാവിന്റെ കഥയേക്കാൾ എത്രയോ മഹത്തരമാണെന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളും, അത് തരണം ചെയ്യുവാനുള്ള ധൈര്യവും അറിവും, ഉത്തരവാദിത്വവും, അനന്തര ഫലങ്ങളും, വിധിയും തമ്മിലുള്ള സംഘർഷത്തിന്റെ കഥകൂടിയാണ്.
അഭിമന്യുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രശസ്തവും, പടിയ്‌ക്കേണ്ടതുമായ ഒന്നാണ് ചക്രവ്യൂഹം. കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം ദിവസം ദ്രോണാചാര്യൻ രൂപപ്പെടുത്തിയ സങ്കീർണ്ണമായ സൈനികവ്യൂഹത്തിലേക്ക് കടക്കാൻ അഭിമന്യുവിന് സാധിച്ചിരുന്നു. എന്നാൽ അതിൽനിന്ന് പുറത്തുവരാനുള്ള പൂർണ്ണമായ മാർഗം അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നതാണ് കഥയുടെ കേന്ദ്രബിന്ദു. അർജുനൻ അകലെ മറ്റൊരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ പാണ്ഡവ സൈന്യത്തിന് മുന്നിൽ ചക്രവ്യൂഹം ഭേദിക്കേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ തന്റെ കഴിവിൽ വിശ്വസിച്ച് അഭിമന്യു മുന്നോട്ടുവന്നു പ്രതിസന്ധികളെ മറികടന്നു പോരാടി ചക്രവ്യൂഹം ഭേദിച്ചു.
ഇവിടെ അഭിമന്യുനൽകുന്ന ആദ്യ പാഠം അറിവിന്റെ അപൂർണ്ണതയും, പരിമിതിയും, ധൈര്യവും, സംയോജിതമല്ലാത്ത തീരുമാനങ്ങളും തമ്മിലുള്ള വ്യത്യാസം ആണ്. ഒരു കാര്യത്തിലേക്ക് പ്രവേശിക്കാനുള്ള അറിവ് മാത്രം മതിയാകില്ല ജീവിതത്തിൽ, അതിൽനിന്ന് എങ്ങനെ സുരക്ഷിതമായി പുറത്തുവരാമെന്ന അറിവും, മാർഗ്ഗവും, അല്ലെങ്കിൽ ലക്‌ഷ്യം തൊടാൻ കഴിയും എന്നുകൂടിയുള്ള വീക്ഷണവും,ജ്ഞാനവും കൂടി അത്യാവശ്യഘടകമാണ് . സാധാരണ ജീവിതത്തിലും ഇതുതന്നെയാണ് സത്യം. വിദ്യാഭ്യാസം നേടുമ്പോൾ ഒരു തൊഴിൽ നേടാനുള്ള മാർഗം മാത്രം പഠിച്ചാൽ പോരാ, ലഭിച്ച തൊഴിലിൽ എങ്ങിനെ മികവ് പുലർത്തി വിജയം നേടാം, തൊഴിൽ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം, സാമ്പത്തിക പ്രതിസന്ധി വന്നാൽ എങ്ങനെ മുന്നോട്ട് പോകണം, മാർഗ്ഗത്തിൽ ഉണ്ടായേക്കാവുന്ന പരാജയങ്ങളെ/ പ്രതിസന്ധികളെ എങ്ങനെ നേരിടണം, ബന്ധങ്ങളിൽ പ്രതിസന്ധി വന്നാൽ എങ്ങനെ പരിഹരിക്കണം എന്നൊക്കെയും കൂടി ഉള്ള ജ്ഞാനം പ്രായോഗികമായി അറിഞ്ഞുവെക്കേണ്ട ഒന്നാണ്. തുടക്കം കുറിയ്ക്കുവാൻ പുറപ്പെടുമ്പോൾ തന്നെ പ്രതികൂല സാഹചര്യങ്ങളിലും, തക്കസമയത്തും, പിന്മാറുവാനുള്ള വിവേകവും, ജ്ഞാനവും സമ്പാദിയ്ക്കുകയും ചെയ്യുക എന്നത് ദൈനംദിന ജീവിതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
എന്നാൽ അതുകൊണ്ട് അഭിമന്യുവിന്റെ ധൈര്യത്തെ നാം കുറച്ചുകാണാനും പാടില്ല. “പുറത്തുവരാൻ അറിയില്ല, അതിനാൽ ഞാൻ പോകുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞില്ല. തന്റെ കഴിവിന്റെ പരിധി മനസ്സിലാക്കിയിട്ടും തന്റെ മുന്നിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഇവിടെ അഭിമന്യു ഇന്നത്തെ യുവതലമുറയ്ക്ക് നൽകുന്ന മറ്റൊരു വലിയ സന്ദേശമുണ്ട്. അറിവ് അപൂർണ്ണമാണെന്ന് തിരിച്ചറിയുക എന്നത് വിനയമാണ്, അറിവ് അപൂർണ്ണമായാലും സാഹചര്യങ്ങളെ പഠിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ധൈര്യം മനസ്സിൽ വളർത്തുക എന്നത് വീരത്വമാണ്, കടമയാണ്, സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുവാനുള്ള മനസ്സ് രൂപപ്പെടുത്തുക എന്നത് കർമ്മവും, ധർമ്മവുമാണ് .
അഭിമന്യുവിന്റെ കഥയെ പുരാണങ്ങളിലെ ഒരു ഏട് ആയി മാത്രം വായിക്കുമ്പോഴാണ് അതിലെ ഹൃദയഭേദകമായ വേദന കൂടുതൽ വ്യക്തമാകുന്നത്. യുദ്ധഭൂമിയിൽ അദ്ദേഹം ഒറ്റപ്പെടുന്നു. പുറത്തുനിന്നുള്ള സഹായം തടയപ്പെടുന്നു. ഒടുവിൽ നിരവധി മഹാരഥന്മാർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞ് ആക്രമിക്കുന്നു. മഹാഭാരതത്തിലെ ഈ സംഭവത്തെ യുദ്ധധർമ്മത്തിന്റെ തകർച്ചയുടെ ഒരു പ്രധാന ഘട്ടമായാണ് വായിക്കുന്നത്. അഭിമന്യുവിന്റെ വീഴ്ചയ്ക്കുശേഷം അർജുനന്റെ ദുഃഖവും ജയദ്രഥനെ വധിക്കുമെന്ന പ്രതിജ്ഞയും യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ നിർണയിക്കുന്നു. ഇവിടെയാണ് അഭിമന്യു എന്ന വീര യോദ്ധാവ്ഇ, ന്നത്തെ സമൂഹത്തിന്റെ കണ്ണാടിയായി മാറുന്നത്. ചക്രവ്യൂഹം ഇന്ന് ഒരു സൈനികവ്യൂഹമല്ല, മറിച്ചു മനുഷ്യനെ ചുറ്റിപ്പറ്റുന്ന സാഹചര്യങ്ങളുടെ നേർക്കാഴ്ചയാണ്. ഒരു മനുഷ്യന് അവന്റെ ദാരിദ്ര്യം ഒരു ചക്രവ്യൂഹമാകാം, ലഹരി ഒരു ചക്രവ്യൂഹമാകാം, തെറ്റായ സൗഹൃദങ്ങൾ ഒരു ചക്രവ്യൂഹമാകാം, കടബാധ്യത, തൊഴിലില്ലായ്മ, കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, സാമൂഹിക വിവേചനം, ഡിജിറ്റൽ അടിമത്തം, വ്യാജവാർത്ത, അധികാരത്തിന്റെ ദുരുപയോഗം, തൊഴിലിടങ്ങളിലെ വിവേചനം,അടിമത്തം, എന്നിവയും ഒരാളെ പതുക്കെ വളഞ്ഞുപിടിക്കുന്ന ആധുനിക ചക്രവ്യൂഹങ്ങളാകാം. എന്നാൽ ഇതുപോലുള്ള ചക്രവ്യൂഹങ്ങളെ നിരന്തരമായ പരിശ്രമത്തിലൂടെ എങ്ങിനെ മറികടക്കാം എന്നുള്ള ജ്ഞാനവും പ്രായോഗിക ജീവിതത്തിലെ നിരന്തര പ്രയാണത്തിലൂടെ നേടിയെടുക്കേണ്ടതുണ്ട്.
ഇന്നത്തെ ഒരു വിദ്യാർത്ഥിയെ നോക്കിയാൽ മറ്റൊരു അഭിമന്യുവിനെ നമുക്ക് കാണാം. പഠിക്കണം, നല്ല ഗ്രേയ്‌ഡ്, നല്ല ജോലി നേടണം, കുടുംബത്തെ സഹായിക്കണം, മത്സരത്തിൽ മുന്നിലെത്തണം, സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റണം, ഇങ്ങനെ ഒട്ടനവധി ആഗ്രഹങ്ങൾ നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിലാണ് അവൻ വളരുന്നത്. പ്രവേശനപരീക്ഷയുടെ ചക്രവ്യൂഹം, തൊഴിൽമത്സരത്തിന്റെ ചക്രവ്യൂഹം, സാമൂഹികമാധ്യമങ്ങളുടെ ചക്രവ്യൂഹം, ഉപഭോഗസംസ്കാരത്തിന്റെ ചക്രവ്യൂഹം, ഇവയിൽ പലതിലും യുവാക്കൾ അകപ്പെട്ടു കുഴഞ്ഞിരിയ്ക്കുന്നു. എന്നാൽ അതിൽനിന്ന് എങ്ങനെ പുറത്തുവരണം എന്ന ജീവിതബോധം പലപ്പോഴും അവർക്കു ലഭിക്കുന്നില്ല. അതുകൊണ്ട് അഭിമന്യുവിന്റെ കഥയെ ഇന്നത്തെ പാഠ്യപദ്ധതികളിൽ വെറും വീരകഥയായി പഠിപ്പിക്കാതെ “ജീവിതത്തിലേക്ക് എങ്ങനെ പ്രവേശിക്കണം, ദൈനംദിന പ്രതിസന്ധികളിൽ എങ്ങനെ നിലപാടുകൾ കൈക്കൊള്ളണം, ആവശ്യസമയത്തു വലിയ പരിക്കുകൾ ഇല്ലാതെ എങ്കിലും എങ്ങനെ സുരക്ഷിതമായി പുറത്തുവരണം” എന്ന പാഠമായും പഠിപ്പിക്കേണ്ടതാണ്. അതിനുകൂടി വേണ്ടിയുള്ള, മാനസിക കരുത്തു നൽകുന്ന പഠനക്ലാസ്സുകളാണ് നമ്മുടെ കുട്ടികൾക്കും,യുവതലമുറയ്ക്കും വേണ്ടത്.
അഭിമന്യുവിന്റെ ജീവിതം പഠിപ്പിയ്ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വശം യുവത്വത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. പ്രായം കുറഞ്ഞവനാണെന്ന കാരണത്താൽ ആരും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. ഇന്ന് യുവാക്കളെക്കുറിച്ച് പലപ്പോഴും പറയുന്നത് “അവർ അനുഭവമില്ലാത്തവരാണ്” എന്നാണ്. എന്നാൽ അനുഭവം പ്രായം മാത്രം നൽകുന്ന ഒന്നല്ല. ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകുമ്പോൽ മാത്രമാണ് പ്രായോഗിക ജീവിതത്തിലെ യഥാർത്ഥ ധൈര്യശാലിയും,കർമ്മ യോദ്ധാവുമായി മാറുന്നത്. അഭിമന്യുവിന്റെ കഥ യുവാക്കൾക്ക് ധൈര്യം നൽകുമ്പോൾ മുതിർന്ന തലമുറയ്ക്ക് ഒരു ചോദ്യം കൂടി ഉന്നയിക്കുന്നു, നാം യുവാക്കളെ പ്രതിസന്ധിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവരെ അതിൽനിന്ന് രക്ഷപ്പെടാനുള്ള അറിവ് നൽകിയിട്ടുണ്ടോ? ഇതാണ് അഭിമന്യുവിന്റെ കഥയുടെ ഏറ്റവും ആധുനികമായ ചോദ്യം. ഒരു യുവാവിനോട് “ധൈര്യമായി മുന്നോട്ട് പോകൂ ” എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷേ അതിനൊപ്പം “എന്താണ് അപകടം?”, “എങ്ങനെ തീരുമാനമെടുക്കണം?”, “എപ്പോൾ പിന്മാറണം?”, “ആരോട് സഹായം ചോദിക്കണം?”, “പരാജയപ്പെട്ടാൽ വീണ്ടും എങ്ങനെ തുടങ്ങണം?” എന്നൊക്കെ പഠിപ്പിക്കേണ്ടത് കുടുംബത്തിന്റെയും വിദ്യാഭ്യാസ ഘടനയുടെയും, സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. അഭിമന്യുവിന്റെ കഥയിൽ നിന്ന് നമുക്ക് ലഭിക്കുന്ന വലിയ ജീവിതപാഠം ഇതാണ്. വീരത മാത്രം പഠിച്ചാൽ പോരാ,ഒപ്പം വിവേകവും കൂടി പഠിപ്പിക്കണം. പ്രതിസന്ധി ഘട്ടങ്ങളെ എങ്ങിനെ നേരിടണം, “നോ” എന്ന് പറയേണ്ടിടത്തു എങ്ങിനെ തലയുയർത്തി അത് പറയണം എന്ന് കൂടി അവരെ പഠിപ്പിയ്ക്കണം.
അതേസമയം അഭിമന്യുവിനെ വെറും “അപൂർണ്ണമായ അറിവിന്റെ ഇര” ആയി കാണുന്നതും ശരിയല്ല. അദ്ദേഹത്തിന്റെ കഥയിൽ അതിശയകരമായ ആത്മവിശ്വാസവും യുദ്ധപ്രാവീണ്യവും ഉണ്ട്. മഹാഭാരതത്തിലെ വിവരണത്തിൽ ശത്രുസൈന്യത്തിനുള്ളിൽ കടന്ന അഭിമന്യു ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതായി കാണാം. ദ്രോണപർവത്തിലെ അഭിമന്യുവധപ്രസംഗം അദ്ദേഹത്തിന്റെ വീരത്വത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു. അതിനാൽ അഭിമന്യുവിനെക്കുറിച്ചുള്ള പഠനം “അദ്ദേഹം എന്തുകൊണ്ട് വീര മൃത്യു വരിച്ചു?” എന്ന ചോദ്യത്തിൽ അവസാനിക്കരുത്. “അദ്ദേഹം എന്തിനുവേണ്ടിയാണ് പോരാടിയത്?”, “അദ്ദേഹത്തെപ്പോലെ യുവാക്കൾക്ക് സമൂഹം എന്ത് നൽകണം?”, “ഇന്നത്തെ ചക്രവ്യൂഹങ്ങൾ ഏതൊക്കെയാണ്?”, “അവയിൽനിന്ന് പുറത്തുവരാനുള്ള അറിവ് നാം അടുത്ത തലമുറയ്ക്ക് നൽകുന്നുണ്ടോ?” എന്നീ ചോദ്യങ്ങളിലേക്കാണ് അത് വളരേണ്ടത്.
അഭിമന്യുവിന്റെ ജീവിതത്തിന് മറ്റൊരു മനോഹരമായ തുടർച്ചയുമുണ്ട്. അദ്ദേഹത്തിന്റെ മരണം പാണ്ഡവവംശത്തിന്റെ അവസാനമായില്ല. അദ്ദേഹത്തിന്റെ ഭാര്യ ഉത്തരയുടെ ഗർഭത്തിൽ ജനിച്ച പരീക്ഷിത്തിലൂടെ കുരുവംശത്തിന്റെ തുടർച്ച നിലനിന്നതായി മഹാഭാരതപരമ്പര പറയുന്നു. അതുകൊണ്ട് അഭിമന്യുവിന്റെ കഥ മരണമെന്ന അവസാനവാക്കിൽ അവസാനിക്കുന്നില്ല, ത്യാഗത്തിനു ശേഷവും ജീവിതം മുന്നോട്ട് പോകുന്നു എന്ന സന്ദേശത്തിലാണ് അത് എത്തിച്ചേരുന്നത്. സമകാലിക സാഹിത്യവും അഭിമന്യുവിനെ പുതിയ അർത്ഥങ്ങളിൽ വായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക ഇന്ത്യയിലെ ചില സാഹിത്യപുനരാഖ്യാനങ്ങളിൽ അഭിമന്യുവിനെ യുവവീരനായും സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായും അവതരിപ്പിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതായത് ഓരോ കാലവും സ്വന്തം “ചക്രവ്യൂഹങ്ങൾ” തിരിച്ചറിഞ്ഞ് അഭിമന്യുവിനെ പുതുതായി വായിക്കുന്നു, പഠിയ്ക്കുന്ന, പ്രചരിപ്പിയ്ക്കുന്നു
ഇന്ന് ഒരു വ്യക്തി ലഹരിയ്ക്കു എതിരെ ശബ്ദം ഉയർത്തുമ്പോൾ, അഴിമതിക്കെതിരെ നിൽക്കുമ്പോൾ, അനീതിക്കെതിരെ ശബ്ദമുയർത്തുമ്പോൾ, പരാജയങ്ങൾക്കിടയിലും വീണ്ടും എഴുന്നേൽക്കുമ്പോൾ, അറിവില്ലായ്മയെ അറിവുകൊണ്ട് നേരിടുമ്പോൾ, മറ്റുള്ളവരുടെ അവകാശങ്ങൾക്കായി സ്വന്തം സൗകര്യം ഉപേക്ഷിക്കുമ്പോൾ,അവിടെ അഭിമന്യുവിന്റെ ആത്മാവിനെ നമുക്ക് കാണാം. അതുപോലെ തന്നെ, ഒരു സമൂഹം തന്റെ യുവതലമുറയെ വെറും പോരാളികളാക്കി മാറ്റാതെ ചിന്തിക്കുന്നവരും തീരുമാനമെടുക്കുന്നവരും പ്രതിസന്ധികളെ തിരിച്ചറിയുന്നവരുമാക്കി വളർത്തുമ്പോഴാണ് അഭിമന്യുവിന്റെ ദുരന്തത്തിൽ നിന്ന് യഥാർത്ഥ പാഠം ഉൾക്കൊള്ളുന്നത്.
അഭിമന്യു അതുകൊണ്ട് മഹാഭാരതത്തിലെ പതിനാറുകാരനായ ഒരു വീരൻ മാത്രമല്ല, പൂർത്തിയാകാത്ത അറിവിനിടയിലും ഉത്തരവാദിത്വം ഏറ്റെടുത്ത കർമ്മനിരതനായ യുവത്വത്തിന്റെ പ്രതീകമാണ്. ചക്രവ്യൂഹങ്ങൾ ഇന്നും സമൂഹത്തിൽ പലരൂപത്തിൽ നിലനിൽക്കുന്നു. അന്ന് അത് യുദ്ധഭൂമിയിലായിരുന്നു എങ്കിൽ, ഇന്ന് അത് ജീവിതത്തിന്റെ വിവിധ മേഖലകളിലാണ്. അന്ന് അഭിമന്യുവിനെ വളഞ്ഞത് മഹാരഥന്മാരായിരുന്നു ഇന്ന് ഒരു യുവാവിനെ /വ്യക്തിയെ വളയുന്നത് സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും തെറ്റായ തീരുമാനങ്ങളും സാമൂഹിക സാഹചര്യങ്ങളുമാകാം.അഭിമന്യുവിനെ നമുക്ക് “വീരമൃത്യുവിന്റെ പ്രതീകം” എന്നൊറ്റ വാക്കിൽ ഒതുക്കാനാവില്ല. അദ്ദേഹം യുവത്വത്തിന്റെ ധൈര്യം, അറിവിന്റെ അപൂർണ്ണത, ഉത്തരവാദിത്വത്തിന്റെ ഭാരവും, അനീതിക്കെതിരായ പോരാട്ടവും, യുദ്ധത്തിന്റെ ക്രൂരവിലയും, പ്രതീക്ഷയുടെ തുടർച്ചയും ഒരുമിച്ച് പ്രതിനിധീകരിക്കുന്ന മഹാഭാരത കഥാപാത്രമാണ്. അതുകൊണ്ടാണ് ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷവും അഭിമന്യു അനശ്വരനാകുന്നത്ദ. അദ്ദേഹം ഓരോ തലമുറയോടും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. “നിങ്ങൾ ഏത് ചക്രവ്യൂഹത്തിലാണ്? അതിലേക്ക് കടക്കാനുള്ള അറിവ് മാത്രമോ നിങ്ങൾക്കുള്ളത്, അതിൽനിന്ന് പുറത്തുവരാനുള്ള വിവേകവും ഉണ്ടോ?” അതുകൊണ്ടുതന്നെ അഭിമന്യുവിന്റെ കഥ നമ്മോട് പറയുന്നത് ഒരു മഹത്തായ വാക്കാണ്.
“ജീവിത പ്രതിസന്ധികളിൽ കർമ്മനിരതനായി സധൈര്യം മുന്നോട്ട് പോകുക, എന്നാൽ മുന്നിലുള്ള ചക്രവ്യൂഹങ്ങളെ യഥാസമയം തിരിച്ചറിഞ്ഞു പുറത്തുകടക്കുവാനുള്ള അറിവും, വിവേകവും കൂടി നേടുക.”
