“തമസോമാ ജ്യോതിർഗമയ” – പ്രകാശോത്സവ ലഹരിയിൽ ലോകം: ജയശങ്കർ പിള്ള

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലും, ആത്മീയ പാരമ്പര്യത്തിലും അതീവ പ്രാധാന്യമുള്ള ഉത്സവമാണ് ദീപാവലി. പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി, ഭാരതത്തിന്റെ അതിരുകൾ കടന്ന് ലോകമെമ്പാടുമുള്ള ഭാരതീയ സമൂഹങ്ങൾ ആഘോഷിക്കുന്ന മഹത്തായ ആഘോഷങ്ങളിലൊന്നാണ്. ഹിന്ദുക്കൾ മാത്രമല്ല, സിഖ്, ജൈന മതവിശ്വാസികളും വ്യത്യസ്തമായ ചരിത്രപരവും ആത്മീയവുമായ കാരണങ്ങളാൽ ഈ ദിനം ആഘോഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേക സവിശേഷത. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്ക്കുമേൽ നന്മയുടെയും അജ്ഞതയ്ക്കുമേൽ അറിവിന്റെയും വിജയത്തെ പ്രതീകവൽക്കരിക്കുന്നതാണ് ദീപാവലി ആഘോഷം. ഒരു മതപരമായ ആഘോഷം എന്നതിലുപരി ഭാരതീയ സംസ്കാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും,ഭക്തിയുടെയും,പരസ്പര സഹകരണത്തിന്റെയും, ഐക്യത്തിന്റെയും, പങ്കുവയ്ക്കലിന്റെയും പ്രതീകമായി കൂടി ഉത്സവമാണ് ദീപാവലി.

‘ദീപാവലി’ എന്ന വാക്ക് സംസ്കൃതത്തിലെ ‘ദീപം’, ‘ആവലി’ എന്നീ പദങ്ങളിൽനിന്നാണ് രൂപപ്പെട്ടത്. ദീപങ്ങളുടെ നിര/കൂട്ടം എന്നാണ് അതിന്റെ അർത്ഥം. പുരാതന ഭാരതീയ പാരമ്പര്യങ്ങളിൽ വേരുകളുള്ള ഈ ആഘോഷത്തിന് വിവിധ ഐതിഹ്യങ്ങളും ചരിത്രപരമായ പശ്ചാത്തലങ്ങളുമുണ്ട്. രാമായണവുമായി ബന്ധപ്പെട്ടതാണ് ദീപാവലിയുടെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യം. പതിനാലു വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ച് സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ പ്രജകൾ ദീപങ്ങൾ തെളിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചുവെന്നാണ് വിശ്വാസം. അധർമ്മത്തിനു മേൽ ധർമ്മവും അനീതിക്കുമേൽ നീതിയും നേടിയ വിജയത്തിന്റെയും, കഠിന പ്രയത്നത്തിന്റെയും, ഐക്യത്തിന്റെയും ആഘോഷമായാണ് ഈ ഐതിഹ്യം ദീപാവലിയെ അടയാളപ്പെടുത്തുന്നത്.

മറ്റൊരു പ്രധാന ഐതിഹ്യം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. നരകാസുരൻ എന്ന അസുരനെ വധിച്ച് ജനങ്ങളെ പീഡനങ്ങളിൽനിന്ന് മോചിപ്പിച്ച ദിവസമാണ് ‘നരക ചതുർദശിയായി’ ആഘോഷിക്കുന്നതെന്നാണ് പുരാണവിശ്വാസം. തിന്മയുടെയും അഹങ്കാരത്തിന്റെയും അക്രമത്തിന്റെയും പരാജയത്തെ ഇത് സൂചിപ്പിക്കുന്നു. അതുപോലെ സമുദ്രമഥനത്തിനിടെ മഹാലക്ഷ്മി അവതരിച്ച ദിവസമായും ദീപാവലിയെ ചില ഹൈന്ദവ പാരമ്പര്യ വിശ്വാസങ്ങൾ ങ്ങൾ കണക്കാക്കുന്നു. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ ആരാധിക്കുന്നതും,പ്രീതിപ്പെടുത്തുന്നതും ദീപാവലി ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്.

ഹിന്ദു സമൂഹത്തിൽ ദീപാവലിക്ക് വലിയ ആത്മീയവും സാമൂഹികവുമായ പ്രാധാന്യമുണ്ട്. ജീവിതത്തിലെ നിരാശകളും ദുഃഖങ്ങളും അകറ്റി പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും പുതിയ വെളിച്ചം സ്വീകരിക്കണമെന്ന സന്ദേശമാണ് ഈ ആഘോഷം നൽകുന്നത്. വീടും പരിസരവും വൃത്തിയാക്കി അലങ്കരിക്കുകയും നിലവിളക്കുകളും മൺചിരാതുകളും തെളിയിക്കുകയും പൂക്കളും വർണപ്പൊടികളും ഉപയോഗിച്ച് രംഗോലി അഥവാ പൂക്കളം ഒരുക്കുകയും ചെയ്യുന്നു. വൈകുന്നേരങ്ങളിൽ മഹാലക്ഷ്മി പൂജയും ഗണപതി പൂജയും നടത്തുന്നത് പല സ്ഥലങ്ങളിലെയും പ്രധാന ആചാരമാണ്. കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടി പ്രാർത്ഥിക്കുകയും മധുരപലഹാരങ്ങൾ കൈമാറുകയും,വിതരണം ചെയ്യുകയും പുതുവസ്ത്രങ്ങൾ ധരിക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുകയും, പടക്കങ്ങളും, അലങ്കാര ദീപങ്ങളുടെ പ്രഭയും ചെയ്യുന്നതും ദീപാവലി ആഘോഷത്തിന്റെ പ്രത്യേകതയാണ്.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ, വിഭാഗങ്ങളിൽ ദീപാവലി ആഘോഷിക്കുന്ന രീതികളിൽ വ്യത്യാസങ്ങളുണ്ട്. ഉത്തരേന്ത്യയിൽ ശ്രീരാമന്റെ അയോധ്യാ പ്രവേശനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. ഗുജറാത്തിൽ ലക്ഷ്മീ പൂജയോടൊപ്പം പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായും ഈ ദിനത്തെ കാണുന്നു. ബംഗാളിൽ ദീപാവലി ദിനത്തിൽ കാളീപൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയിൽ നരകാസുരവധവുമായി ബന്ധപ്പെട്ട നരകചതുർദശിയാണ് പ്രധാന ആഘോഷദിനം. പുലർച്ചെ എണ്ണതേച്ച് കുളിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ക്ഷേത്രദർശനം നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന ആചാരങ്ങൾ നിലനിൽക്കുന്നു. ഇങ്ങനെ പ്രാദേശിക വൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും നന്മയുടെ വിജയമെന്ന അടിസ്ഥാനസന്ദേശം എല്ലായിടത്തും പ്രചരിപ്പിയ്ക്കുന്ന സംതിഷത്തിന്റെ ദിനമാണ് ദീപാവലി.

ഹിന്ദു സമൂഹത്തിനു പുറമെ സിഖ് മതവിശ്വാസികൾക്കും ദീപാവലിക്ക് പ്രത്യേക ചരിത്ര പ്രാധാന്യമുണ്ട്. സിഖുകാർ ഈ ദിനത്തെ ‘ബന്ദി ഛോർ ദിവസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹർഗോബിന്ദ് സാഹിബ് മുഗൾ തടവിൽനിന്ന് മോചിതനായതും അദ്ദേഹത്തോടൊപ്പം 52 രാജാക്കന്മാരെ മോചിപ്പിച്ചതുമാണ് ഈ ആഘോഷത്തിന്റെ ചരിത്രപശ്ചാത്തലം. അമൃത്സറിലെ സുവർണക്ഷേത്രം ദീപങ്ങളാലും വിളക്കുകളാലും അലങ്കരിക്കപ്പെടുന്നു. പ്രാർത്ഥനകളും കീർത്തനങ്ങളും സേവന പ്രവർത്തനങ്ങളും സിഖ് സമുദായത്തിന്റെ ഈ ദിനത്തിന്റെ പ്രധാന ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മാനവികതയുടെയും സന്ദേശമാണ് ‘ബന്ദി ഛോർ ദിവസ്’ നൽകുന്നത്.

ജൈനമതവിശ്വാസികൾക്കും ദീപാവലി അതീവ പവിത്രമായ ദിനമാണ്. ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീർത്ഥങ്കരനായ ഭഗവാൻ മഹാവീരൻ നിർവാണം പ്രാപിച്ചത് ദീപാവലി ദിനത്തിലാണെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ ആത്മീയ മോചനത്തെ അനുസ്മരിച്ചുകൊണ്ടാണ് ജൈനർ ഈ ദിനം ആചരിക്കുന്നത്. മഹാവീരന്റെ ഉപദേശങ്ങളായ അഹിംസ, സത്യം, അപരിഗ്രഹം, ആത്മനിയന്ത്രണം എന്നിവയുടെ പ്രാധാന്യം ഈ ദിനത്തിൽ പ്രത്യേകം ഓർമിക്കുന്നു. ആത്മീയമായ അറിവിന്റെ വെളിച്ചം ജീവിതത്തിൽ നിറയ്ക്കുക എന്നതാണ് ജൈന ദീപാവലിയുടെ അന്തഃസത്തയായി കരുതപ്പെടുന്നത്.

ദീപാവലി ആഘോഷങ്ങളിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പുറമെ സാമൂഹികമായ ചില മൂല്യങ്ങളും നിലനിൽക്കുന്നു. ദാനം ചെയ്യുക, പാവപ്പെട്ടവരെ സഹായിക്കുക, അയൽക്കാരുമായി സന്തോഷം പങ്കിടുക, കുടുംബബന്ധങ്ങൾ പുതുക്കുക വീടും,പരിസരവും വൃത്തിയാക്കുക. എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ ആധുനിക കാലത്ത് ആഘോഷങ്ങളുടെ ഭാഗമായി അമിതമായി പടക്കങ്ങൾ പൊട്ടിക്കുന്നതും ശബ്ദമലിനീകരണവും വായുമലിനീകരണവും സൃഷ്ടിക്കുന്നതും ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങളാണ്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയിൽ ദീപങ്ങൾ തെളിയിച്ചും പ്രകൃതിസൗഹൃദമായ ആഘോഷങ്ങൾ സംഘടിപ്പിച്ചും ദീപാവലിയുടെ യഥാർത്ഥ സന്ദേശം ഉയർത്തിപ്പിടിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

ഇന്ന് കാനഡ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, യു എ ഇ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാവലി വലിയ ആഘോഷമായി മാറിയിരിക്കുന്നു. പ്രവാസി ഭാരതീയർ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. മതപരമായ അതിർവരമ്പുകൾക്കപ്പുറം വിവിധ സമൂഹങ്ങൾ ഒത്തുചേരുന്ന സാംസ്കാരിക സംഗമമായും ദീപാവലി മാറിയിട്ടുണ്ട്. ഒപ്പം വിദേശ രാജ്യങ്ങളിലെ സർക്കാരുകളും വളരെ സൗഹൃദപരമായ സമീപനമാണ് ഈ ആഘോഷങ്ങളോട് പുലർത്തുന്നത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

യഥാർത്ഥത്തിൽ ദീപാവലി എന്നത് വീടുകളിൽ ദീപങ്ങൾ തെളിയിക്കുന്ന ഒരു ആഘോഷം മാത്രമല്ല. ഓരോ മനുഷ്യന്റെയും മനസ്സിലുള്ള അജ്ഞതയുടെയും വിദ്വേഷത്തിന്റെയും അസൂയയുടെയും  അഹങ്കാരത്തിന്റെയും, അമര്ഷത്തിന്റെയും, വെറുപ്പിന്റെയും ഇരുട്ട് മാറ്റി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വെളിച്ചം നിറയ്ക്കാനുള്ള ഓർമപ്പെടുത്തലാണ്. മതങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കാം. എന്നാൽ വെളിച്ചത്തിന്റെയും, നന്മയുടെയും, പരസ്പര സഹകരണത്തിന്റെയും,പങ്കുവയ്ക്കലിന്റെയും സന്ദേശം മനുഷ്യരാശിക്ക് പൊതുവായതാണ്. അതുകൊണ്ടുതന്നെ ദീപാവലി ഭാരതീയ സംസ്കാരത്തിന്റെ അതിരുകൾ കടന്ന് ലോകമനസ്സാക്ഷിയിലേക്ക് വെളിച്ചം പകരുന്ന മഹത്തായ ഉത്സവമായി നിലകൊള്ളുന്നു.

“തമസോമാ ജ്യോതിർഗമയ” അന്ധമായ ഇരുട്ടിൽനിന്ന്/അജ്ഞതയിൽ നിന്നും വെളിച്ചത്തിലേക്ക് മാനവ ജനതയെ നയിക്കണമേ എന്നുള്ള പ്രാർത്ഥനയോടുകൂടി ദീപാവലി ആശംസകൾ.

Leave a Comment

More News