ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് ഡിസിസിയുടെ ശക്തമായ എതിർപ്പ്; വിവാദങ്ങൾക്കിടെ സർവീസിലേക്കുള്ള മടക്കം തടഞ്ഞു, സസ്‌പെൻഷൻ തുടരും
കോഴിക്കോട്: സസ്‌പെൻഷനിലുള്ള ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിച്ചത്.
ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കുന്നതിനെതിരെ കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി.പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും തീരുമാനത്തിനെതിരെ നേതാക്കൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ഡിസിസി നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതോടെയാണ് തിരിച്ചെടുക്കൽ തീരുമാനം മരവിപ്പിച്ചതെന്നാണ് വിവരം.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ഉമേഷിനെതിരെ കോൺഗ്രസ് നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും യുഡിഎഫ് പ്രവർത്തകരെയും വോട്ടർമാരെയും മർദ്ദിച്ച സംഭവങ്ങളിൽ പക്ഷപാതപരമായി ഇടപെട്ടുവെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം.
വടകര ഡിവൈഎസ്‌പിയായിരിക്കെ 2025 നവംബർ 30നാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉയർന്ന പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട യുവതി പരാതി നൽകാതിരുന്നതിനെ തുടർന്ന് തുടർ നിയമനടപടികൾ ഉണ്ടായില്ല.
അതേസമയം, വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്തെ മറ്റൊരു സംഭവവും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്നു. അനാശാസ്യക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്നും പിന്നീട് കേസെടുക്കാതെ വിട്ടയച്ചെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. പോലീസ് ഉദ്യോഗസ്ഥനെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം.
ഈ പശ്ചാത്തലത്തിൽ ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം പുറത്തുവന്നതോടെയാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ശക്തമായത്. എതിർപ്പ് ആഭ്യന്തര മന്ത്രിയെ നേരിട്ട് അറിയിച്ചതിന് പിന്നാലെ തിരിച്ചെടുക്കൽ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചതോടെ ഉമേഷിന്റെ സസ്‌പെൻഷൻ തുടരും.
