തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സമൂഹത്തിൽ തുല്യപരിഗണനയും അന്തസ്സും ഉറപ്പാക്കുന്നതിനും അവരെ ആദരവോടെ ചേർത്തുപിടിക്കുന്ന സാമൂഹിക സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി ‘നോ ബാരിയേഴ്സ്’ എന്ന വിപുലമായ പദ്ധതി ഈ മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്കുള്ള അവസരങ്ങളും സൗകര്യങ്ങളും വിപുലീകരിക്കുന്നതിനുമായി വികസിത രാജ്യങ്ങളിലെ ആധുനിക സംവിധാനങ്ങളും മികച്ച മാതൃകകളും ഉൾക്കൊള്ളുന്ന സമഗ്ര ഭിന്നശേഷി നയവും അനുബന്ധ പദ്ധതികളും സംസ്ഥാന സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിപി വേൾഡ്, റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ, ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (ബിഎംവിഎസ്എസ്–ജയ്പൂർ ഫൂട്ട്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കൃത്രിമ അവയവ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വഴുതക്കാട് ഫ്രീമേസൺസ് ഹാളിൽ നവംബർ 12 മുതൽ 15 വരെയാണ് നാലുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും സമൂഹത്തിൽ ഒറ്റപ്പെട്ടവരല്ലെന്നും അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സാമൂഹിക പങ്കാളിത്തത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാരീരിക പരിമിതികൾ ഒരാളുടെയും മുന്നേറ്റത്തിന് തടസ്സമാകരുത്. എല്ലാവർക്കും തുല്യാവസരങ്ങൾ ലഭ്യമാക്കുകയും പൊതുഇടങ്ങളും സേവനങ്ങളും കൂടുതൽ ഭിന്നശേഷിസൗഹൃദമാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പദ്ധതികൾക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2018ലെ മഹാപ്രളയകാലം മുതൽ റോട്ടറി ക്ലബ്ബുകളും ഡിപി വേൾഡും കേരളത്തിൽ നടത്തിവരുന്ന ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ചെലവ് വരുന്ന കൃത്രിമ അവയവങ്ങളും ചലനസഹായ ഉപകരണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൗജന്യമായി ലഭ്യമാക്കുന്നത് ഏറെ മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽനിന്നുമുള്ള ചലനപരിമിതികൾ നേരിടുന്ന 400 പേർക്കാണ് നാലുദിവസത്തെ ക്യാമ്പിലൂടെ സൗജന്യമായി കൃത്രിമ അവയവങ്ങൾ, കാലിപ്പറുകൾ, മറ്റ് ചലനസഹായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നത്.
ഓരോ ഗുണഭോക്താവിന്റെയും ശാരീരിക അവസ്ഥയും ആവശ്യങ്ങളും വിദഗ്ധർ പ്രത്യേകം വിലയിരുത്തിയ ശേഷമാണ് അനുയോജ്യമായ ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ജയ്പൂർ ഫൂട്ടിന്റെ സാങ്കേതികവിദ്യയും നിർമാണരീതികളും പ്രയോജനപ്പെടുത്തി വ്യക്തിഗത അളവുകൾക്കനുസരിച്ച് കൃത്രിമ അവയവങ്ങൾ നിർമിച്ച് ഘടിപ്പിച്ചു നൽകും. ഇതിലൂടെ ഗുണഭോക്താക്കളുടെ ചലനശേഷിയും സ്വയംപര്യാപ്തതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ 2026 ജൂണിലുണ്ടായ റോഡപകടത്തിൽ കാൽ നഷ്ടപ്പെട്ട കുശവരക്കൽ ഗവൺമെന്റ് യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അനുഗ്രഹ എൽ.വി. നായർക്ക് മുഖ്യമന്ത്രി കൃത്രിമ കാൽ കൈമാറി. റോട്ടറി ക്ലബ്ബിലെ അംഗത്വത്തിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
വാണിജ്യ പ്രവർത്തനങ്ങൾക്കപ്പുറം തങ്ങൾ പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഡിപി വേൾഡിന്റെ ലക്ഷ്യമെന്ന് ഡിപി വേൾഡ് പോർട്ട്സ് ആൻഡ് ടെർമിനൽസ് (നവ ഷേവ) സി.ഇ.ഒ. ജിബു കുര്യൻ ഇട്ടി പറഞ്ഞു.
സമൂഹത്തിൽ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെ കണ്ടെത്തി അവരുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതിക സഹായങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിന് സ്ഥാപനം മുൻഗണന നൽകുന്നുണ്ട്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനും ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമാകാനും അവസരമൊരുക്കുന്ന ഇത്തരം പദ്ധതികളുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരിലേക്ക് ഫലപ്രദമായ പിന്തുണ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ പ്രസിഡന്റ് പ്രേം കുമാർ തമ്പി പറഞ്ഞു. വിവിധ സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് വിപുലമായ ക്യാമ്പ് യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിപി വേൾഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചുവരികയാണ്.
കൊച്ചി, ചെന്നൈ, പൻവേൽ, മുന്ദ്ര, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നടത്തിയ ക്യാമ്പുകളിലൂടെ ഇതുവരെ 1,220ലേറെ കൃത്രിമ അവയവങ്ങളും നിരവധി ചലനസഹായ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ശാരീരിക പരിമിതികൾ കാരണം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികജീവിതം തുടങ്ങിയ മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകാൻ ഇത്തരം ഇടപെടലുകൾ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി. നായർ, ഡിപി വേൾഡ് പോർട്ട്സ് ആൻഡ് ടെർമിനൽസ് (നവ ഷേവ) സി.ഇ.ഒ. ജിബു കുര്യൻ ഇട്ടി, റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ സെക്രട്ടറി ചന്ദു ഗുപ്ത, ഡിസ്ട്രിക്ട് പ്രോജക്ട് ചെയർ സി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
