ദോഹ: പ്രവാസി മലയാളികളുടെ പ്രധാന ആശ്രയകേന്ദ്രമായ നോർക്ക കെയർ (NORKA Care) ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അശാസ്ത്രീയമായും വൻതോതിലും വർധിപ്പിച്ച നടപടിയിൽ പ്രവാസി വെൽഫെയർ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മറുനാടുകളിൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച ഈ അന്യായ തുക വർദ്ധനവ് സാധാരണക്കാരെ ചികിത്സാ സൗകര്യങ്ങളിൽ നിന്നും പാടെ അകറ്റി നിർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ചൂണ്ടിക്കാട്ടി.
നാടിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാരും നോർക്കയും തന്നെ ഇത്തരത്തിൽ കൊള്ളനിരക്കുകൾ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. രോഗാവസ്ഥയിലും അടിയന്തര ഘട്ടങ്ങളിലും പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അതീതമായി മാറ്റുന്നത് ക്രൂരതയാണ്. നോർക്ക കെയർ എന്ന ജനകീയ ഇൻഷുറൻസ് പദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്നും സംഘടന കുറ്റപ്പെടുത്തി.
അതിസാധാരണക്കാരായ പ്രവാസികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാനും വർദ്ധിപ്പിച്ച നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം ഉടൻ പിൻവലിച്ച്, മുഴുവൻ പ്രവാസി സമൂഹത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
