പത്മശ്രീ ചെറുവയൽ രാമന്റെ പേരിൽ മികച്ച കർഷകർക്ക് അവാർഡ് നൽകും: പ്രവാസി വെൽഫെയർ വയനാട് ജില്ലാ കമ്മിറ്റി

പ്രവാസി വെൽഫെയർ വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പത്മശ്രീ ചെറുവയൽ രാമന്‍ അനുസ്മരണ സദസ്സ്

ദോഹ: ഖത്തറില്‍ കാര്‍ഷിക രംഗത്ത് മികവ് കാട്ടുന്ന മലയാളി കർഷകരെ തെരഞ്ഞെടുത്ത് എല്ലാവര്‍ഷവും ചിങ്ങ മാസത്തില്‍ പത്മശ്രീ ചെറുവയൽ രാമന്റെ നാമധേയത്തില്‍ പുരസ്കാരം നല്‍കി ആദരിക്കാന്‍ പ്രവാസി വെൽഫെയർ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പത്മശ്രീ ചെറുവയൽ രാമൻ അനുസ്മരണ സദസ്സിൽ ആണ് ഭാരവാഹികൾ ഈ കാര്യം അറിയിച്ചത്.

അനുസ്മരണ പരിപാടിയിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. കർഷകരെ ചൂഷണം ചെയ്യുകയും കർഷകരുടെ ആവശ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ, രാമനെപ്പോലുള്ള കർഷകരുടെ അനുസ്മരണം ഏറെ സാമൂഹിക പ്രസക്തിയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സർക്കാർ അദ്ദേഹത്തിന്റെ പേരിൽ അവാർഡ് പ്രഖ്യാപിക്കണമെന്നും പരമാവധി ജൈവകർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുവയൽ രാമൻ വിസ്മൃതിയിലേക്ക് ആണ്ടു പോകാതെ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും അത്തരം കൃഷി രീതികളിലേക്ക് സാധാരണക്കാർ മടങ്ങി വരികയും ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതാ കൃഷ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, ജില്ലാ വൈസ് പ്രസിഡണ്ട് രജിഷ ഷിബു തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News