കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ കാൻസർ ചികിത്സാ-ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (CCRC) പത്താം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 31-ന് സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പത്തു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന സുവനീറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്കിടയിൽ വായിലെ കാൻസർ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക കാൻസർ പരിശോധനാ പരിപാടിയുടെ പ്രഖ്യാപനം ഫിഷറീസ് മന്ത്രി നിർവഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങൾക്ക് കാൻസർ പരിശോധനയും തുടർചികിത്സയും കൂടുതൽ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

2016 നവംബർ ഒന്നിന് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ, കഴിഞ്ഞ പത്തുവർഷത്തിനിടെ കാൻസർ ചികിത്സാ-പരിചരണ രംഗത്ത് ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. കാൻസർ രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിനൊപ്പം രോഗനിർണയം, പ്രതിരോധം, ഗവേഷണം തുടങ്ങിയ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്.

Screenshot

സ്ഥാപനത്തിന്റെ പത്തു വർഷത്തെ സേവനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചികിത്സാ-ഗവേഷണ മേഖലയിൽ കൈവരിച്ച പുരോഗതി അനുസ്മരിക്കുന്നതിനും ഭാവി വികസന പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതിനുമായാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. ആധുനിക ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുക, കാൻസർ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ചടങ്ങിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ സ്വാഗതം ആശംസിച്ചു. സി.സി.ആർ.സി. അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം.വി. പിള്ള മുഖ്യപ്രഭാഷണം നടത്തി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും കഴിഞ്ഞ പത്തുവർഷത്തെ പുരോഗതിയും വിശദീകരിക്കുന്ന റിപ്പോർട്ട് മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. നീതു ജോർജ് അവതരിപ്പിച്ചു. ഡോ. തമീം എ. നന്ദി രേഖപ്പെടുത്തി.

ഹൈബി ഈഡൻ എം.പി., ഹാരിസ് ബീരാൻ എം.പി., എം.എൽ.എമാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്., കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, വാർഡ് കൗൺസിലർ ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു.

കാൻസർ രോഗികൾക്ക് സമഗ്രവും ആധുനികവുമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്കും കുടുംബാംഗങ്ങൾക്കും മികച്ച പരിചരണവും പിന്തുണയും ലഭ്യമാക്കുകയെന്ന ദൗത്യവുമായാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുന്നേറുന്നത്. ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ജനകീയമായ കാൻസർ പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും സ്ഥാപനം പ്രാധാന്യം നൽകുന്നു.

പത്തുവർഷത്തെ സേവനപാരമ്പര്യത്തിന്റെ കരുത്തിൽ കാൻസർ ചികിത്സയിലും ഗവേഷണത്തിലും കൂടുതൽ ഉയരങ്ങൾ കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധത പുതുക്കുന്ന വേദിയായി പത്താം വാർഷികാഘോഷം മാറി.

Leave a Comment

More News