കൊല്ലം പ്രവാസി അസോസിയേഷൻ 70-ാമത് കേരളപ്പിറവി ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 70-ാമത് കേരളപിറവി ദിനം ആഘോഷിച്ചു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് അംഗങ്ങൾ കേരളപ്പിറവി ആഘോഷത്തിൽ പങ്കുചേർന്നു.

കേരളത്തിന്റെ ചരിത്രവും പൈതൃകവും ഭാഷയും സംസ്കാരവും ഓർമിപ്പിക്കുന്ന കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യം ചടങ്ങിൽ പ്രസിഡന്റ് നിസാർ കൊല്ലം തന്റെ ആശംസാ സന്ദേശത്തിൽ വിശദീകരിച്ചു. കേരളത്തിന്റെ ഐക്യവും മതസൗഹാർദ്ദവും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.

തുടർന്ന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ,  ട്രഷറർ ബിനു കുണ്ടറ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഖാൻ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു .

പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും ഇത്തരം ആഘോഷങ്ങൾ സഹായകമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതോടെ ആഘോഷം സന്തോഷകരമായ അന്തരീക്ഷത്തിൽ സമാപിച്ചു.

Leave a Comment

More News