തിരുവനന്തപുരം: ഹരിത രാഷ്ട്രീയത്തിന്റെ പേരിൽ വർഷങ്ങളോളം ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ഇപ്പോൾ പരിസ്ഥിതി സംരക്ഷണ നിലപാടുകൾ പൂർണമായും ഉപേക്ഷിച്ച് ഖനന രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വകാര്യ കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തിന്റെ ഭൂമിയും പ്രകൃതിവിഭവങ്ങളും തീരദേശ സമ്പത്തും വിട്ടുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെയും യുഡിഎഫ് സർക്കാരിനെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കാലത്തും അധികാരത്തിലെത്തിയ ശേഷവും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വലിയ പ്രഖ്യാപനങ്ങൾ നടത്തിയവർ ഇപ്പോൾ അതെല്ലാം മറന്ന് വിപരീത ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. സർക്കാരിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ്. വാക്കുകൾ വടക്കോട്ട് പോകുമ്പോൾ പ്രവൃത്തികൾ തെക്കോട്ടാണ് നീങ്ങുന്നത്. കേരളത്തിന്റെ മണ്ണും മലകളും പാറകളും ധാതുസമ്പത്തും എല്ലാം ഖനനം ചെയ്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറാമെന്നതാണ് സർക്കാരിന്റെ സമീപനം. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടം സ്വകാര്യ കമ്പനികളുടെ വിശ്വസ്തരായ കാര്യസ്ഥന്മാരായി മാറുകയാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.
ഹരിത രാഷ്ട്രീയത്തിൽനിന്ന് ഖനന രാഷ്ട്രീയത്തിലേക്കുള്ള സർക്കാരിന്റെ മാറ്റം അതീവ അപകടകരമാണ്. സ്വകാര്യ ഭൂമികളാൽ ചുറ്റപ്പെട്ട സർക്കാർ ഭൂമികളിൽനിന്നുപോലും നിയന്ത്രണങ്ങളില്ലാതെ പാറ പൊട്ടിച്ചെടുക്കാൻ അനുമതി നൽകുന്ന നിലപാടിലേക്കാണ് സർക്കാർ എത്തിയിരിക്കുന്നത്. പരിസ്ഥിതിക്കും പൊതുസമ്പത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ‘സരൾ’ നിയമത്തിനെതിരെയും ബിനോയ് വിശ്വം രൂക്ഷവിമർശനം ഉന്നയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ പേരിൽ സ്വകാര്യ താൽപര്യങ്ങൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് അടിത്തറ പാകിയത് ഭൂപരിഷ്കരണ നടപടികളാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും ഉപയോഗത്തിലും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട ആ പരിഷ്കരണങ്ങളുടെ അടിസ്ഥാനതത്വങ്ങളെ തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂപരിഷ്കരണത്തിലൂടെ കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കി പഴയകാല ഭൂവുടമസ്ഥതാ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിനാണ് സർക്കാർ വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി കൈയേറ്റങ്ങളും അനധികൃത ഭൂവിനിയോഗവും ശക്തിപ്പെടുന്നതായി ബിനോയ് വിശ്വം ആരോപിച്ചു. ഇത്തരം പ്രവണതകളെ തടയുന്നതിന് പകരം അവയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതുഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ പിന്മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി ഇടപാടുകളിലെ സർക്കാരിന്റെ നിലപാടുകളെയും മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനത്തെയും ബിനോയ് വിശ്വം ചോദ്യം ചെയ്തു. സർക്കാരിന്റെ പ്രധാന തീരുമാനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിമാർക്കുപോലും വ്യക്തമായ ധാരണയില്ലാത്ത സാഹചര്യമാണുള്ളത്. ചില വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് കാര്യങ്ങൾ അറിയുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രി സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വിശദീകരിക്കട്ടെയെന്ന് ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഒരു മന്ത്രിക്ക് സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയില്ലെന്നാണോ ഇതിന്റെ അർത്ഥം, അതോ അറിയാമെങ്കിലും പ്രതികരിക്കാനുള്ള അധികാരമില്ലെന്നാണോ? മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എവിടെയാണ്? സർക്കാർ തീരുമാനങ്ങളെല്ലാം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന സാഹചര്യം ജനാധിപത്യ ഭരണസംവിധാനത്തിന് യോജിച്ചതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജിഎൻഎയുമായി ബന്ധപ്പെട്ട വൈദ്യുതി ഇടപാടുകളിലും അദ്ദേഹം സംശയങ്ങൾ ഉന്നയിച്ചു. വൈദ്യുതി വിപണിയിൽ ഇടപെടുന്ന ജിഎൻഎയുടെ വിശ്വാസ്യത എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. വൈദ്യുതിയെ സാധാരണ അങ്ങാടിച്ചരക്കുപോലെ കാണുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഏത് നിരക്കിൽ ലഭിക്കും, ഭാവിയിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയുമോ, ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി വാങ്ങുന്നതിന് എത്ര അധിക ചെലവ് വരും തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങലിന് മുഖ്യമന്ത്രി ഇത്രയധികം നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നും സ്വന്തം മന്ത്രിമാരെ ആ തീരുമാനത്തിന് വിധേയരാക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും ബിനോയ് വിശ്വം ചോദിച്ചു. വൈദ്യുതി ഇടപാടുകളിലെ തീരുമാനങ്ങൾ സുതാര്യമായിരിക്കണമെന്നും അവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലും ഗുരുതരമായ അവ്യക്തതയും ക്രമക്കേടുകളും നിലനിൽക്കുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു. സർക്കാരിന്റെ അബ്കാരി നയം എന്താണെന്നും അത് ആരാണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കണം. മുൻ എക്സൈസ് കമ്മിഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ സർക്കാരിന് വ്യക്തമായ അബ്കാരി നയമില്ലെന്നാണ് മനസ്സിലാകുന്നത്. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന അലംഭാവത്തിന് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാർ ലൈസൻസുകൾ അനുവദിക്കുന്നതിലും വിമാനത്താവള ലോഞ്ചുകളിലെ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോപണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ സർക്കാർ ഇപ്പോൾ എല്ലാത്തരം മദ്യവും കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തന്നെ നേരത്തെ പ്രശംസിച്ച ഉദ്യോഗസ്ഥരെ ദിവസങ്ങൾക്കുള്ളിൽ തള്ളിപ്പറയുന്ന സാഹചര്യം സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്. മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ പിന്നിൽ എന്തെങ്കിലും അവിഹിത ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരം ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാതെ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണ നീക്കങ്ങളും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വാശ്രയ, സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അമിതമായ അധികാരങ്ങൾ നൽകുന്നത് വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇഷ്ടമുള്ള കോഴ്സുകൾ ആരംഭിക്കാനും സ്വന്തം നിലയിൽ ഫീസ് നിശ്ചയിക്കാനും പരീക്ഷാരീതികൾ തീരുമാനിക്കാനും ബിരുദങ്ങൾ നൽകാനും സ്ഥാപനങ്ങൾക്ക് വിപുലമായ അധികാരം ലഭിക്കുന്ന സാഹചര്യം ആശങ്കാജനകമാണ്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സാമൂഹികനീതിയും ഉറപ്പാക്കേണ്ട സർക്കാർ അതിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറുകയാണ്. വിദ്യാഭ്യാസത്തെ പൂർണമായും വാണിജ്യവൽക്കരിക്കുന്ന നടപടികൾ സാധാരണക്കാരായ വിദ്യാർഥികളുടെ അവസരങ്ങളെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാരിടൈം ബില്ലിനെതിരെയും ബിനോയ് വിശ്വം കടുത്ത വിമർശനം ഉന്നയിച്ചു. കേരളത്തിന്റെ വിശാലമായ തീരപ്രദേശങ്ങളിലെയും കായലുകളിലെയും കടലാഴങ്ങളിലെയും പ്രകൃതിവിഭവങ്ങൾ സ്വകാര്യ കുത്തകകൾക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നതാണ് ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീരദേശ ഭൂമിയും സമുദ്രസമ്പത്തും വിലപ്പെട്ട ധാതുനിക്ഷേപങ്ങളും പൊതുസമ്പത്തായി സംരക്ഷിക്കേണ്ടതിന് പകരം സ്വകാര്യ കമ്പനികളുടെ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ തീരദേശ പരിസ്ഥിതിക്കും പ്രകൃതിവിഭവങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ സമ്പത്തുകളെല്ലാം നിയന്ത്രണങ്ങളില്ലാതെ ചൂഷണം ചെയ്യാൻ അനുമതി നൽകുന്നത് ഭാവിതലമുറകളോടുള്ള അനീതിയാണ്. സ്വകാര്യ മേഖലയ്ക്ക് നാടിന്റെ സമ്പത്ത് കൊള്ളയടിക്കാൻ ചുവന്ന പരവതാനി വിരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും നിർണായക നയതീരുമാനങ്ങളുടെ പിന്നിലെ ലക്ഷ്യങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇത്തരം നടപടികൾ കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. എന്നാൽ ഈ നീക്കങ്ങളെ ജനങ്ങൾ നിശ്ശബ്ദമായി അംഗീകരിക്കുമെന്ന് സർക്കാർ കരുതേണ്ടതില്ല. ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ യുഡിഎഫ് സർക്കാരിന് നിലപാട് മാറ്റേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങൾക്കും തോട്ടഭൂമി മുറിച്ചുവിൽപ്പനയ്ക്കുമെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യാപകമായ ഭൂമി കൈയേറ്റങ്ങൾ നടക്കുന്ന പ്രധാന പ്രദേശങ്ങളിലൊന്നായി ഇടുക്കി മാറിയിരിക്കുകയാണ്. തോട്ടഭൂമികൾ വ്യാപകമായി വിഭജിച്ച് വിൽക്കുന്നതും ഭൂവിനിയോഗ നിയമങ്ങൾ ലംഘിക്കുന്നതുമായ സംഭവങ്ങൾക്ക് സർക്കാർ പരോക്ഷ പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമി കൈയേറ്റങ്ങളും തോട്ടഭൂമിയുടെ അനധികൃത വിനിയോഗവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പീരുമേട് താലൂക്ക് ഓഫീസിന് മുന്നിൽ സിപിഐയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സിപിഐ സ്വതന്ത്രമായും എൽഡിഎഫിന്റെ ഭാഗമായും കൂടുതൽ സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കേരളത്തിന്റെ ഭൂമിയും ഭൂഗർഭസമ്പത്തും കടലും തീരപ്രദേശങ്ങളും മാത്രമല്ല, സാധിക്കുമെങ്കിൽ ആകാശംപോലും സ്വകാര്യ കുത്തകകൾക്ക് കൈമാറാൻ മടിക്കാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. ജനങ്ങളുടെ പൊതുസമ്പത്ത് സംരക്ഷിക്കാനും പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളെ ചെറുക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരും. ഭൂമിയും പ്രകൃതിവിഭവങ്ങളും സ്വകാര്യ താൽപര്യങ്ങൾക്ക് അടിയറവയ്ക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ യുഡിഎഫ് സർക്കാരിന് മുട്ടുകുത്തേണ്ടിവരുമെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
