വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെത്തുടർന്ന് ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്ക ഉയരുന്നു. ഇതിന്റെ ഭാഗമായി വരും ആഴ്ചകളിൽ ഒരു വിമാനവാഹിനിക്കപ്പലും 2,200-ലധികം മറൈൻ സൈനികരും നാവികസേനാംഗങ്ങളും മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്.
യുഎസ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് നവംബർ പകുതിയോടെ മിഡിൽ ഈസ്റ്റിലെത്തും. നിലവിൽ മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ജോർജ് വാഷിംഗ്ടണിന് പകരമായിരിക്കും തിയോഡോർ റൂസ്വെൽറ്റിന്റെ വിന്യാസമെന്നാണ് വിവരം.
ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ സൈനിക നീക്കം. മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയുടെ ഭാഗമായി നവംബർ ആറിന് യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് സിംഗപ്പൂരിലെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, നവംബർ അവസാനത്തോടെ 13-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിനെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കാനും അമേരിക്ക പദ്ധതിയിടുന്നുണ്ട്. 2,200-ലധികം മറൈൻ സൈനികരും നാവികസേനാംഗങ്ങളും ഉൾപ്പെടുന്ന ഈ യൂണിറ്റിന്റെ വരവ് മേഖലയിലെ അമേരിക്കൻ സൈനിക ശേഷി ഗണ്യമായി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
സമുദ്രാധിഷ്ഠിത സൈനിക നടപടികൾ, പ്രത്യേക റെയ്ഡുകൾ, സംശയാസ്പദമായ കപ്പലുകളിൽ കയറി പരിശോധന നടത്തൽ തുടങ്ങിയ വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ മറൈൻ എക്സ്പെഡിഷണറി യൂണിറ്റിന് ശേഷിയുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം സൈനിക നടപടികൾ സ്വീകരിക്കാനും ഈ യൂണിറ്റിന്റെ സാന്നിധ്യം അമേരിക്കയ്ക്ക് സഹായകമാകും.
ഇറാനുമായി ബന്ധപ്പെട്ട് പുതിയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ, അധിക സൈനികരുടെയും നാവിക സന്നാഹങ്ങളുടെയും വിന്യാസം മേഖലയിലെ അമേരിക്കൻ സേനയുടെ പ്രവർത്തനശേഷിയും സൈനിക ഇടപെടലുകൾക്കുള്ള സാധ്യതകളും വിപുലീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, ഈ സൈനിക വിന്യാസം ഇറാനെതിരായ പുതിയ ആക്രമണത്തിനുള്ള മുന്നൊരുക്കമാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് സൈനിക സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നു.
ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
