കൊല്ലം: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നേതാവും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയ്ക്കെതിരായ നിയമനടപടികൾ ശക്തമാകുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയിൽ മാവേലിക്കര കോടതി ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ചു. കോടതിയിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പുനലൂർ പൊലീസും ശ്രീലേഖയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ സമർപ്പിച്ച ക്രിമിനൽ മാനനഷ്ട ഹർജി പരിഗണിച്ചാണ് മാവേലിക്കര കോടതിയുടെ നടപടി. രാഹുൽ ഗാന്ധിയുടെ പൊതുജീവിതത്തെയും വ്യക്തിപരമായ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ശ്രീലേഖ നടത്തിയതെന്നാണ് പരാതിയിലെ ആരോപണം. ഈ ഹർജിയിലാണ് ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) വകുപ്പ് 192 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ വളർത്തി സംഘർഷത്തിനോ ലഹളയ്ക്കോ ഇടയാക്കുന്ന തരത്തിലുള്ള പ്രകോപനവുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം അനുവദിക്കാവുന്ന കുറ്റമാണിത്.
ഓഗസ്റ്റ് 14ന് പുനലൂരിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളെയും പ്രതികരണങ്ങളെയും വിമർശിക്കുന്നതിനിടെയാണ് ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഈ പരാമർശം രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതും അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
പ്രസംഗം രാഷ്ട്രീയ വിമർശനത്തിന്റെ പരിധി ലംഘിക്കുന്നതാണെന്നും പൊതുവേദിയിൽ ഒരു ദേശീയ നേതാവിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പരാതിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനനഷ്ട ഹർജിയുമായി കോൺഗ്രസ് നേതൃത്വം കോടതിയെ സമീപിച്ചതും പൊലീസിൽ പരാതി നൽകിയതും.
കേസെടുത്ത നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി ആർ. ശ്രീലേഖയും രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംസ്ഥാന സർക്കാരിനും നിയമനടപടികൾക്കുമെതിരെ അവർ പ്രതികരിച്ചത്. ഒരേ സ്വഭാവത്തിലുള്ള രാഷ്ട്രീയ പരാമർശങ്ങളോട് വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്റേത് ഇരട്ടനീതിയാണെന്നും ശ്രീലേഖ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് മാനനഷ്ടത്തിന്റെ പരിധിയിൽ മാത്രം ഒതുങ്ങുകയും രാഹുൽ ഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റം ചുമത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് ശ്രീലേഖയുടെ ചോദ്യം. രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമം വ്യത്യസ്ത രീതിയിൽ പ്രയോഗിക്കുകയാണെന്ന ആരോപണവും അവർ ഉയർത്തി.
രാഷ്ട്രീയ വിമർശനത്തിനുള്ള അവകാശവും വ്യക്തിഹത്യയും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ശ്രീലേഖയുടെ പ്രസംഗം നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. മാനനഷ്ട ഹർജിയിൽ കോടതിയുടെ തുടർനടപടികളും പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവും ഇനി നിർണായകമാകും. ശ്രീലേഖയുടെ പരാമർശങ്ങൾ നിയമപരമായി കുറ്റകരമാണോയെന്നത് കോടതിയുടെയും അന്വേഷണ നടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.
