ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് കാമുകി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതാണ് കേസിൽ വഴിത്തിരിവായത്.

ഷാരോൺ രാജിനെ ഒഴിവാക്കി മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ കഷായത്തില്‍ വിഷം കലർത്താൻ തീരുമാനിച്ചതായി ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, കേസിൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പെൺകുട്ടിയുടെ മൊഴി സാധൂകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആർ അജിത് കുമാർ റൂറൽ എസ്പി ഓഫീസിലെത്തി വിവരങ്ങൾ നേരിട്ട് ശേഖരിക്കും.

ഫെബ്രുവരിയിൽ മറ്റൊരാളുമായി വിവാഹം കഴിക്കാൻ ഷാരോണിനെ വിഷം കൊടുത്തു കൊന്നെന്നാണ് ആദ്യം മുതൽ ബന്ധുക്കളുടെ ആരോപണം. ആദ്യം വിവാഹം കഴിക്കുന്നയാൾ ഉടൻ മരിക്കുമെന്ന ജാതകം ഉൾപ്പെടെ പെൺകുട്ടിയുടെ കൂടുതൽ വാട്‌സ്ആപ്പ് ചാറ്റുകളും നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം 14ന് ഷാരോൺ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ റെക്കോർഡ് ബുക്ക് തിരികെ നൽകാനായി എത്തിയിരുന്നു. സുഹൃത്തിനെ പുറത്ത് നിർത്തി ഷാരോൺ അകത്തേക്ക് പോയി. പിന്നീട് ഛർദ്ദിച്ച് അവശനായാണ് തിരിച്ചെത്തിയതെന്ന് പറയുന്നു.

പെൺകുട്ടി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്ന് ഷാരോൺ പറഞ്ഞിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച യുവാവ് മരിച്ചു.

വായിലും കുടലിലുമടക്കം പൊള്ളി അടര്‍ന്ന മുറിവുകളുണ്ടായിരുന്നു. കരളും വൃക്കയും തകരാറിലായാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

അന്നും അസാധാരണമായി ഷാരോണ്‍ ഛര്‍ദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍വച്ച് കഷായവും ജ്യൂസും നല്‍കിയത്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നുംപറഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

എന്നാൽ, ഷാരോണിന് നൽകിയ മരുന്നിന്റെ പേര് പെൺകുട്ടി ആദ്യം മറച്ചുവെക്കുകയും തുടർന്ന് ലേബൽ വലിച്ചുകീറി കുപ്പി കഴുകി വൃത്തിയാക്കിയതായി സന്ദേശം അയക്കുകയും ചെയ്തതോടെ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ സംശയിച്ചു.

Print Friendly, PDF & Email

Leave a Comment

More News