തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി സമഗ്ര നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ‘സിദ്ധാർത്ഥൻ റാഗിംഗ് നിരോധനവും വിദ്യാർത്ഥി ക്ഷേമവും’ കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. റാഗിംഗിൽ ഏർപ്പെടുന്നവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധികൃതരുടെയും ഉത്തരവാദിത്വം വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള 1998ലെ റാഗിംഗ് നിരോധന നിയമത്തിന് പകരമായാണ് കൂടുതൽ കർശനമായ വ്യവസ്ഥകളോടെ പുതിയ നിയമം കൊണ്ടുവരുന്നത്. ഈ മാസം 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ ജില്ലാതല സമിതി രൂപീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ആന്റി റാഗിംഗ് സെല്ലുകളും പ്രവർത്തിക്കും. സംസ്ഥാനതലത്തിൽ റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ചുമതല ആഭ്യന്തര സെക്രട്ടറിക്കായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗുമായി ബന്ധപ്പെട്ട് വാക്കാലോ രേഖാമൂലമോ ലഭിക്കുന്ന പരാതികൾ 24 മണിക്കൂറിനകം പൊലീസിന് കൈമാറണമെന്ന് കരടു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പരാതികളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും കുറ്റാരോപിതർക്കെതിരെ സസ്പെൻഷൻ, സ്ഥാപനത്തിൽനിന്ന് പുറത്താക്കൽ തുടങ്ങിയ അച്ചടക്ക നടപടികൾ സാഹചര്യത്തിനനുസരിച്ച് സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
നേരിട്ടുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കു പുറമേ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള റാഗിംഗും പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രവൃത്തികൾക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകും. അതേസമയം, നേരത്തേ കരടിൽ ഉൾപ്പെടുത്തിയിരുന്ന ജുഡീഷ്യൽ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ശുപാർശ ഒഴിവാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിൽ റാഗിംഗ് തടയുന്നതിനായി പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഹോസ്റ്റൽ മുറികൾ വിദ്യാർത്ഥി സംഘടനകളോ അസോസിയേഷനുകളോ കൈവശപ്പെടുത്തുന്നത് വിലക്കും. സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
റാഗിംഗിന് ഇരയാകുന്ന വിദ്യാർത്ഥികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇരകളുടെ പേര്, വിലാസം, ചിത്രം, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ തിരിച്ചറിയലിന് സഹായിക്കുന്ന വിവരങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ ആരും പരസ്യപ്പെടുത്താൻ പാടില്ലെന്നാണ് നിർദേശം.
റാഗിംഗിൽ നേരിട്ട് പങ്കെടുക്കുന്നവർക്കും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നവർക്കും റാഗിംഗ് പ്രചരിപ്പിക്കുന്നവർക്കും രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും നൽകുന്നതിനാണ് കരടുബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളല്ലാത്ത വ്യക്തികൾ റാഗിംഗുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മൂന്നു വർഷം തടവോ അഞ്ചു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ള വ്യക്തികളുടെ പങ്കാളിത്തത്തിനെതിരെയും കർശന നിയമനടപടി ഉറപ്പാക്കുന്നതാണ് ഈ വ്യവസ്ഥ.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്ക് റാഗിംഗിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. റാഗിംഗ് സംബന്ധിച്ച പരാതി ലഭിച്ചിട്ടും നിയമാനുസൃത നടപടി സ്വീകരിക്കാത്ത സ്ഥാപനമേധാവികൾക്കും ഇതേ ശിക്ഷ ലഭിക്കും. പരാതികൾ അവഗണിക്കുന്നതും നടപടികൾ വൈകിപ്പിക്കുന്നതും തടയുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി വ്യാജ റാഗിംഗ് പരാതികൾ നൽകുന്നവർക്കെതിരെയും ശിക്ഷാ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജപരാതി നൽകുന്നവർക്ക് ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
റാഗിംഗ് തടയുന്നതിനും പരാതികളിൽ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥയും കരടുബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികളോ കോടതി നടപടികളോ ആരംഭിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരിക്കുമെന്നാണ് നിർദേശം.
റാഗിംഗ് കേസുകളിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ഭയരഹിതവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുക, പരാതികൾ കാര്യക്ഷമമായി പരിഹരിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ നിയമനിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിയമസഭയുടെ അംഗീകാരം ഉൾപ്പെടെയുള്ള നിയമനിർമാണ നടപടികൾ പൂർത്തിയാകുന്നതോടെയാകും പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരിക.
