നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ പേര് മാറ്റിയേക്കും; സമഗ്ര പരിഷ്‌കരണത്തിന് ശുപാർശ

തിരുവനന്തപുരം: കേരളത്തിലെ നാലുവർഷ ബിരുദ പ്രോഗ്രാം (ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം – FYUGP) ‘ഫ്ലെക്സിബിൾ ഗ്രാജുവേറ്റ് പ്രോഗ്രാം’ (FGP) എന്ന പേരിൽ പുനർനാമകരണം ചെയ്തേക്കും. സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഘടനയിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനതല അവലോകന സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് സുപ്രധാന ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (കെഎസ്എച്ച്ഇസി) നിയോഗിച്ച സമിതി മൂന്നുവർഷ ബിരുദ പ്രോഗ്രാമിന്റെ നിലവിലെ ക്രെഡിറ്റ് 133ൽ നിന്ന് 132 ആയും നാലുവർഷ ഓണേഴ്സ്, ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളുടെ ക്രെഡിറ്റ് 177ൽ നിന്ന് 176 ആയും കുറയ്ക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

കാര്യവട്ടം ഗവൺമെന്റ് കോളേജിലെ പ്രൊഫസർ എസ്. ഗ്ലാഡ്സ്റ്റൺ രാജിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്. ബിരുദ പഠനത്തിലെ ഘടനാപരമായ അവ്യക്തതകൾ പരിഹരിക്കുക, സംസ്ഥാനത്തെ സർവകലാശാലകളിലുടനീളം അക്കാദമിക് ഘടനയിൽ ഏകീകൃത സ്വഭാവം ഉറപ്പാക്കുക, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) മാനദണ്ഡങ്ങളുമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ പൊരുത്തപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിഷ്‌കരണങ്ങൾ നിർദേശിച്ചിരിക്കുന്നത്.

നിലവിലുള്ള നാലുവർഷ ബിരുദ പ്രോഗ്രാം എന്ന പേര് വിദ്യാർത്ഥികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സമിതി വിലയിരുത്തി. മൂന്നുവർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അംഗീകൃത ബിരുദം നേടി പഠനം അവസാനിപ്പിക്കാനുള്ള അവസരം നിലവിലുണ്ട്. എന്നാൽ, നാലുവർഷത്തെ പഠനം നിർബന്ധമാണെന്ന ധാരണ സൃഷ്ടിക്കുന്നതാണ് നിലവിലെ നാമകരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്നുവർഷ ബിരുദം, നാലുവർഷ ഓണേഴ്സ് ബിരുദം, ഗവേഷണത്തോടുകൂടിയ നാലുവർഷ ഓണേഴ്സ് ബിരുദം എന്നിവയെ ഒരേ അക്കാദമിക് ചട്ടക്കൂടിനു കീഴിൽ ഉൾപ്പെടുത്തുന്നതിനാണ് ‘ഫ്ലെക്സിബിൾ ഗ്രാജുവേറ്റ് പ്രോഗ്രാം’ എന്ന പേര് നിർദേശിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും ഭാവിയിലെ വിദ്യാഭ്യാസ, തൊഴിൽ ലക്ഷ്യങ്ങൾക്കും അനുസൃതമായി പഠനപാത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ബിരുദാനന്തര പഠനത്തിലേക്കുള്ള പ്രവേശനത്തിലെ വഴക്കവും പുതിയ പേരിലൂടെ കൂടുതൽ വ്യക്തമായി പ്രതിഫലിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

മൂന്നുവർഷ ബിരുദ പ്രോഗ്രാമിന് 133 ക്രെഡിറ്റും നാലുവർഷ ബിരുദ പ്രോഗ്രാമിന് 177 ക്രെഡിറ്റുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇവ യഥാക്രമം ആറ്, എട്ട് സെമസ്റ്ററുകളിലായി തുല്യമായി വിഭജിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി സമിതി കണ്ടെത്തി.

ബിരുദ പ്രോഗ്രാമിന്റെ ആകെ ക്രെഡിറ്റിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും പ്രധാന പഠനവിഷയത്തിൽ (മേജർ) നേടിയിരിക്കണമെന്ന യുജിസി മാനദണ്ഡം നടപ്പാക്കുന്നതിലും നിലവിലെ ക്രെഡിറ്റ് ഘടന ചില പൊരുത്തക്കേടുകൾ സൃഷ്ടിക്കുന്നുണ്ട്.

മൂന്നുവർഷ ബിരുദത്തിന് 132 ക്രെഡിറ്റും നാലുവർഷ ബിരുദത്തിന് 176 ക്രെഡിറ്റുമായി പുനഃക്രമീകരിക്കുന്നതിലൂടെ ഓരോ സെമസ്റ്ററിലും 22 ക്രെഡിറ്റ് വീതം തുല്യമായി വിതരണം ചെയ്യാൻ സാധിക്കും. മേജർ വിഷയങ്ങളുടെ ക്രെഡിറ്റ് നിർണയം ലളിതമാക്കുന്നതിനും അധ്യാപന സമയം ക്രമീകരിക്കുന്നതിനും അധ്യാപകരുടെ ജോലിഭാരം സന്തുലിതമാക്കുന്നതിനും ഈ മാറ്റം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ള മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നേരിടുന്ന പരിമിതികൾ പരിഹരിക്കുന്നതിനായി സിംഗിൾ മേജർ ബിരുദ പഠനപാത അവതരിപ്പിക്കണമെന്നതാണ് സമിതിയുടെ മറ്റൊരു പ്രധാന ശുപാർശ.

പരിമിതമായ കോഴ്സുകൾ മാത്രം ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പലപ്പോഴും തങ്ങളുടെ അക്കാദമിക് താൽപ്പര്യങ്ങളുമായോ തൊഴിൽ ലക്ഷ്യങ്ങളുമായോ ബന്ധമില്ലാത്ത മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിർദിഷ്ട പരിഷ്‌കരണപ്രകാരം, നിലവിൽ മൈനർ കോഴ്സുകൾക്കായി നീക്കിവച്ചിട്ടുള്ള 24 ക്രെഡിറ്റിൽ 12 എണ്ണം മേജർ വിഷയത്തിലേക്ക് പുനർവിന്യസിക്കാൻ സർവകലാശാലകൾക്കും പഠന ബോർഡുകൾക്കും അവസരം നൽകും. ശേഷിക്കുന്ന 12 ക്രെഡിറ്റ് ബന്ധപ്പെട്ട പഠനശാഖയിലെയോ വിവിധ പഠനശാഖകളെ സംയോജിപ്പിക്കുന്നതോ ആയ മൈനർ കോഴ്സുകൾക്കായി വിനിയോഗിക്കാം. യുജിസിയുടെ അക്കാദമിക് ചട്ടക്കൂടിന് അനുസൃതമായി സിംഗിൾ മേജർ പഠനപാത നടപ്പാക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

നിലവിൽ ആദ്യ മൂന്ന് സെമസ്റ്ററുകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന മൈനർ കോഴ്സുകളുടെ പഠനകാലയളവ് എട്ട് സെമസ്റ്ററുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് മറ്റൊരു നിർദേശം. ഇതിലൂടെ ആദ്യ സെമസ്റ്ററുകളിലെ അധിക പഠനഭാരം കുറയ്ക്കാനും വിവിധ സെമസ്റ്ററുകളിലായി അക്കാദമിക് പ്രവർത്തനങ്ങൾ കൂടുതൽ സന്തുലിതമായി ക്രമീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രധാന പഠനവിഷയത്തോടൊപ്പം താൽപ്പര്യമുള്ള അനുബന്ധ വിഷയങ്ങൾ കൂടുതൽ സൗകര്യപ്രദമായി പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

ബിരുദ പഠനത്തിന്റെ തുടക്കത്തിൽത്തന്നെ മൈനർ വിഷയങ്ങളും തൊഴിലധിഷ്ഠിത പഠനധാരകളും തിരഞ്ഞെടുക്കുന്നതിനു പകരം വിവിധ വിഷയങ്ങളിൽ പ്രാഥമിക പരിചയം നേടിയശേഷം തീരുമാനമെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നും സമിതി ശുപാർശ ചെയ്തു.

രണ്ടാം സെമസ്റ്ററിന്റെ അവസാനത്തിൽ മൈനർ വിഷയങ്ങളും വൊക്കേഷണൽ സ്ട്രീമുകളും സംബന്ധിച്ച അന്തിമ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നാണ് നിർദേശം. സ്വന്തം അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് ഭാവിയിലെ തൊഴിൽ, ഉപരിപഠന സാധ്യതകൾക്ക് അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികേന്ദ്രിതവും വഴക്കമുള്ളതുമാക്കുന്നതിനൊപ്പം അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഉന്നത വിദ്യാഭ്യാസ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനുമാണ് നിർദിഷ്ട പരിഷ്‌കരണങ്ങൾ ലക്ഷ്യമിടുന്നത്.

Leave a Comment

More News