ശബരിമല തീർഥാടനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തി കേരള പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗം. ബുക്കിങ് സംവിധാനത്തിലെ സാങ്കേതിക പഴുതുകൾ മുതലെടുത്ത് അയൽസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ വ്യാപകമായി ദർശന സ്ലോട്ടുകൾ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. യഥാർഥ തീർഥാടകർക്ക് ദർശനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്ന തരത്തിൽ കൂട്ടത്തോടെ ബുക്കിങ് നടത്തി സ്ലോട്ടുകൾ പണം ഈടാക്കി മറിച്ചുവിൽക്കുകയായിരുന്നു ഏജൻസികളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ആധാർ നമ്പറിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ പരിശോധനാ സംവിധാനം നിലവിലില്ലാതിരുന്നതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. വ്യക്തിഗത വിവരങ്ങൾ കൃത്യമായി പരിശോധിക്കാതെയും ആധാർ നമ്പർ ഒടിപി മുഖേന സ്ഥിരീകരിക്കാതെയും ബുക്കിങ് പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യം ഏജൻസികൾ മുതലെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി.
ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി തീർഥാടകരുടെ പേരിൽ ബുക്കിങ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പേരും വിലാസവും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാണ് പല ബുക്കിങ്ങുകളും നടത്തിയിരുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ഇത്തരം ഇടപാടുകൾ നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ട്രാവൽ ഏജൻസികൾ മുൻകൂട്ടി കൈക്കലാക്കിയ ദർശന സ്ലോട്ടുകളിൽ വിൽപ്പന നടത്താൻ കഴിയാത്തവ ഉപയോഗിക്കപ്പെടാതെ പോയതാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയത്. വെർച്വൽ ക്യൂവിൽ സ്ലോട്ടുകൾ ലഭ്യമല്ലാത്തതിനാൽ നിരവധി ഭക്തർക്ക് ദർശനത്തിനായി ബുക്ക് ചെയ്യാൻ കഴിയാതിരുന്നപ്പോൾ, നേരത്തേ ബുക്ക് ചെയ്ത നിരവധി സ്ലോട്ടുകൾ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സാഹചര്യമുണ്ടായി.
മുൻവർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതിന് പിന്നിൽ അനധികൃത മാസ് ബുക്കിങ്ങും ഒരു പ്രധാന കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കേരള പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നേരത്തേ ബുക്ക് ചെയ്ത ദർശന സ്ലോട്ടുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബുക്കിങ് നടത്തിയവരുടെയും പിന്നീട് റദ്ദാക്കിയവരുടെയും വിവരങ്ങൾ ശേഖരിച്ച് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനുള്ള പരിശോധന ദേവസ്വം ബോർഡും പൊലീസും തുടരുകയാണ്.
കണ്ടെത്തിയ സുരക്ഷാവീഴ്ച പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളുടെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി മുഖേനയാണ് നിലവിൽ പരിശോധന നടത്തുന്നത്.
എന്നാൽ, ഒടിപി പരിശോധന ഏർപ്പെടുത്തുന്നതുകൊണ്ടുമാത്രം അനധികൃത ബുക്കിങ്ങുകൾ പൂർണമായി തടയാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂട്ടത്തോടെയുള്ള ബുക്കിങ് നിയന്ത്രിക്കുന്നതിനും വ്യാജ വിവരങ്ങൾ ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ തടയുന്നതിനും നിലവിലെ സോഫ്റ്റ്വെയറിൽ സമഗ്രമായ സാങ്കേതിക മാറ്റങ്ങൾ അനിവാര്യമാണെന്നാണ് സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിലപാട്.
അടുത്ത മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പായി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും തീർഥാടക സൗഹൃദവുമായ ബുക്കിങ് സംവിധാനം ഒരുക്കാനാണ് തീരുമാനം. ശബരിമലയിലെ തീർഥാടക പ്രവാഹത്തിലുണ്ടായ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽനിന്ന് ഏകദേശം 483 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ലഭിച്ചത്.
എന്നാൽ, നിലവിലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ശബരിമലയിലെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ അപ്പം, അരവണ പ്രസാദങ്ങളുടെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വന്തമായി മതിയായ വരുമാനം കണ്ടെത്താൻ കഴിയാത്ത നിരവധി ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശമ്പളത്തിനും ശബരിമലയിൽനിന്നുള്ള വരുമാനം പ്രധാന ആശ്രയമാണ്. അതിനാൽ ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും അതുവഴിയുള്ള വരുമാനനഷ്ടവും ബോർഡിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയേക്കും.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണ തീർഥാടകർക്ക് ബുക്കിങ് നടപടികൾ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള നിർദേശങ്ങളും പരിഗണനയിലാണ്.
പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്ന പ്രധാന മാറ്റങ്ങൾ:
-
ഒരാൾ അനധികൃതമായി നിരവധി ദർശന സ്ലോട്ടുകൾ കൈക്കലാക്കുന്നത് തടയുന്നതിനുള്ള നിയന്ത്രണങ്ങൾ.
-
മുൻകൂട്ടി ബുക്ക് ചെയ്ത ദിവസം ശബരിമലയിലെത്താൻ കഴിയാത്ത തീർഥാടകർക്ക് തിരക്ക് കുറഞ്ഞ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് മാറ്റാനുള്ള സൗകര്യം.
-
ദർശന ബുക്കിങ് എളുപ്പത്തിൽ റദ്ദാക്കുന്നതിനുള്ള സംവിധാനം.
-
റദ്ദാക്കപ്പെടുന്ന സ്ലോട്ടുകൾ മറ്റ് തീർഥാടകർക്ക് വീണ്ടും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം.
-
ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താൻ കഴിയാത്തവർക്ക് വീണ്ടും ബുക്കിങ് നടത്താനുള്ള അവസരം.
-
വ്യാജ വിവരങ്ങൾ ഉപയോഗിച്ചുള്ള ബുക്കിങ്ങുകൾ തിരിച്ചറിയുന്നതിനുള്ള ശക്തമായ പരിശോധനാ സംവിധാനം.
നിലവിൽ ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്താൽ അതേ മണ്ഡലകാലത്ത് പിന്നീട് മറ്റൊരു ബുക്കിങ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അപ്രതീക്ഷിത കാരണങ്ങളാൽ യാത്ര മാറ്റിവയ്ക്കേണ്ടിവരുന്ന ഭക്തർക്ക് ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പുതിയ പരിഷ്കരണത്തിലൂടെ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്താനാണ് ശ്രമം.
വെർച്വൽ ക്യൂ വഴി ബുക്കിങ് നടത്തിയ വ്യക്തി തന്നെയാണോ ശബരിമല ദർശനത്തിനെത്തുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സംവിധാനവും പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി പമ്പയിൽ തീർഥാടകരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നുണ്ട്.
ഓരോ തീർഥാടകന്റെയും വെർച്വൽ ക്യൂ ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്തി പമ്പയിലോ നിലയ്ക്കലിലോ സ്കാൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇത്തരമൊരു സംവിധാനം നടപ്പാക്കിയാൽ മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ ഉപയോഗിക്കുന്നതും ദർശന സ്ലോട്ടുകളുടെ അനധികൃത കൈമാറ്റവും നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, പരിശോധനയ്ക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങളും തീർഥാടകരുടെ സുഗമമായ സഞ്ചാരവും പരിഗണിക്കേണ്ടതിനാൽ ക്യുആർ കോഡ് അധിഷ്ഠിത പരിശോധന ഉടൻ നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ടാറ്റ കൺസൽട്ടൻസി സർവീസസിനായിരിക്കും (ടിസിഎസ്) ശബരിമല വെർച്വൽ ക്യൂ സോഫ്റ്റ്വെയറിന്റെ പരിഷ്കരണ ചുമതല. ശബരിമലയിലെ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി 2011-12 കാലഘട്ടത്തിലാണ് കേരള പൊലീസ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആദ്യമായി വെർച്വൽ ക്യൂ സംവിധാനം വികസിപ്പിച്ചത്.
തുടർന്ന് 2019ൽ ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം (എസ്പിഎംഎസ്) എന്ന പേരിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ടാറ്റ കൺസൽട്ടൻസി സർവീസസ് വികസിപ്പിച്ചു. കേരള പൊലീസിന്റെ ഐടി വിഭാഗം നൽകിയ സാങ്കേതികവും പ്രവർത്തനപരവുമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ സംവിധാനത്തിന്റെ വികസനം. കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങളും നിലവിൽ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ചാണ് ഇപ്പോൾ സമഗ്രമായ നവീകരണത്തിന് ഒരുങ്ങുന്നത്.
വെർച്വൽ ക്യൂ സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് ദർശന സ്ലോട്ടുകൾ കൂട്ടത്തോടെ കൈക്കലാക്കുന്നതും പണത്തിന് മറിച്ചുവിൽക്കുന്നതും തടയുകയാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. ഉപയോഗിക്കപ്പെടാതെ പോകുന്ന സ്ലോട്ടുകൾ യഥാർഥ തീർഥാടകർക്ക് ലഭ്യമാക്കുന്നതിലൂടെ നിലവിലെ ബുക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് ദർശനത്തിനായി ബുക്ക് ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാനും പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു. ശബരിമല തീർഥാടനം കൂടുതൽ സുതാര്യവും സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനൊപ്പം ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിക്കുന്ന അനധികൃത ബുക്കിങ് പ്രവണതകൾക്ക് തടയിടാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
