ഏഴു മാസമായി ശമ്പളമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഗസ്റ്റ് അദ്ധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോളജുകളിൽ ജോലി ചെയ്യുന്ന ഗസ്റ്റ്  അദ്ധ്യാപകർ മാസങ്ങളായി ശമ്പളം ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.  ഏഴു മാസത്തോളമായി ശമ്പളം മുടങ്ങിയതോടെ ആയിരത്തിലധികം അദ്ധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ശമ്പള ബില്ലുകൾ യഥാസമയം പരിശോധിച്ച് അംഗീകാരം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധ്യാപകരുടെ പരാതി. കോളജുകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബസ് കൂലിക്കുപോലും പണമില്ലാത്ത സാഹചര്യത്തിലേക്ക് പലരും എത്തിയതോടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ സ്വന്തം ജില്ലയായ എറണാകുളത്താണ് കൂടുതൽ ഗസ്റ്റ് അദ്ധ്യാപകർ ശമ്പള പ്രതിസന്ധി നേരിടുന്നത്. കോട്ടയം ഉൾപ്പെടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അദ്ധ്യാപകരടക്കം ആയിരത്തിലധികം പേരാണ് മാസങ്ങളായി തങ്ങൾ ചെയ്ത ജോലിയുടെ പ്രതിഫലത്തിനായി കാത്തിരിക്കുന്നത്. വിദ്യാർഥികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ ഉത്തരവാദിത്വത്തോടെ ജോലി നിർവഹിക്കുമ്പോഴും അർഹമായ വേതനം ലഭിക്കുന്നില്ലെന്നത് അദ്ധ്യാപകർക്കിടയിൽ കടുത്ത അമർഷത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്.

കോളജുകളിൽനിന്ന് സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ചുമതല ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ്. എന്നാൽ പലയിടങ്ങളിലും സ്ഥിരം ഉദ്യോഗസ്ഥർക്ക് പകരം താൽക്കാലിക ചുമതല വഹിക്കുന്നവരാണ് ഈ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യമായ ഹാജരില്ലായ്മയും ഭരണപരമായ അനാസ്ഥയും ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസവുമാണ് ശമ്പളവിതരണം തടസ്സപ്പെടുന്നതിന് പിന്നിലെന്നാണ് അദ്ധ്യാപകരുടെ ആരോപണം.

സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് (Service and Payroll Administrative Repository for Kerala) പോർട്ടലിൽ വിവിധ കോളജുകളിൽനിന്നുള്ള ശമ്പള ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നില്ലെന്നാണ് പരാതി. ഭരണപരമായ നടപടിക്രമങ്ങളിലെ കാലതാമസത്തിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടിവരുന്നത് താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മാസങ്ങളായി വരുമാനമില്ലാത്തതോടെ ഗസ്റ്റ് അദ്ധ്യാപകരിൽ പലരുടെയും ദൈനംദിന ജീവിതം താളംതെറ്റിയിരിക്കുകയാണ്. യാത്രാച്ചെലവ്, വീട്ടുവാടക, ഭക്ഷണം, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതുപോലും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കോളജുകളിലേക്ക് ദിവസേന യാത്ര ചെയ്യുന്നതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ ജോലിക്ക് ഹാജരാകാൻപോലും പ്രയാസപ്പെടുന്നവരുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. സ്ഥിരവരുമാനമോ മതിയായ തൊഴിൽസുരക്ഷയോ ഇല്ലാത്ത ഗസ്റ്റ് അദ്ധ്യാപകർക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാതിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് വഴിവയ്ക്കുന്നത്.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ കുടുംബച്ചെലവുകൾ വർധിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. ആഘോഷകാലത്തിന് മുമ്പെങ്കിലും കുടിശ്ശിക ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

എല്ലാ മാസവും പത്താം തീയതിക്കകം ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വിതരണം ചെയ്യണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വീഴ്ച വരുത്തുകയാണെന്നാണ് ആരോപണം. കൃത്യസമയത്ത് ശമ്പളം നൽകണമെന്ന വ്യക്തമായ നിർദേശം നിലനിൽക്കുമ്പോഴും ഏഴുമാസത്തോളം വേതനം മുടങ്ങുന്നത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

കോളജുകളിൽനിന്ന് സമർപ്പിക്കുന്ന ശമ്പള ബില്ലുകളുടെ സ്ഥിതി നിരീക്ഷിക്കുന്നതിനും സമയബന്ധിതമായി അവ തീർപ്പാക്കുന്നതിനും കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലെ കാലതാമസം ഒഴിവാക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടണമെന്നും ശമ്പളവിതരണം സംബന്ധിച്ച സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും അദ്ധ്യാപകർ ആവശ്യപ്പെടുന്നു.

ശമ്പളം ലഭിക്കാത്തതിനെതിരെ പരസ്യമായി പ്രതികരിക്കാനോ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനോ പോലും ഗസ്റ്റ് അദ്ധ്യാപകരിൽ പലരും തയ്യാറാകുന്നില്ലെന്നതാണ് പ്രതിസന്ധിയുടെ മറ്റൊരു വശം. താൽക്കാലിക നിയമനമായതിനാൽ മതിയായ തൊഴിൽ സുരക്ഷയില്ലെന്നും പരാതിപ്പെട്ടാൽ നിലവിലുള്ള ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് ഇവരെ പിന്നോട്ടു വലിക്കുന്നത്.

സ്ഥിരം അദ്ധ്യാപകർക്ക് ലഭിക്കുന്ന അവധിയാനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള പല സേവനാനുകൂല്യങ്ങളും ഗസ്റ്റ് അദ്ധ്യാപകർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. അദ്ധ്യാപന ചുമതലകൾ നിർവഹിച്ചിട്ടും അടിസ്ഥാന തൊഴിൽ അവകാശങ്ങളായ സമയബന്ധിതമായ വേതനവും തൊഴിൽസുരക്ഷയും ഉറപ്പാക്കപ്പെടുന്നില്ലെന്നത് ഇവരുടെ ദുരിതം ഇരട്ടിയാക്കുകയാണ്.  അർഹമായ ശമ്പളത്തിനുവേണ്ടി ശബ്ദമുയർത്തുന്നതുപോലും തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമോയെന്ന ഭയം നിലനിൽക്കുന്നതിനാൽ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ പുറത്തുപറയാതെ ജോലി തുടരാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഗസ്റ്റ് അദ്ധ്യാപകരുടെ വേതന പ്രതിസന്ധി വ്യക്തിപരമായ സാമ്പത്തിക പ്രശ്നം മാത്രമല്ല, കോളജുകളിലെ അധ്യയന നിലവാരത്തെയും അക്കാദമിക പ്രവർത്തനങ്ങളെയും ബാധിക്കാവുന്ന വിഷയമാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ കഴിയുന്ന അദ്ധ്യാപകർക്ക് ആത്മവിശ്വാസത്തോടെ അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത സാഹചര്യം വിദ്യാർഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഏഴു മാസത്തെ ശമ്പള കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, ശമ്പള ബില്ലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, ഗസ്റ്റ് അദ്ധ്യാപകർക്ക് അടിസ്ഥാന സേവനാനുകൂല്യങ്ങളും തൊഴിൽസുരക്ഷയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്.

Leave a Comment

More News