ഓഫീസിലെ ഒറ്റപ്പെടുത്തലും ജോലി നഷ്ടപ്പെടുന്ന ഭയവും; ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ജീവനക്കാരിയുടെ ഡയറിയില്‍ കണ്ടെടുത്തു; ജോയിന്റ് കമ്മീഷണര്‍ അന്വേഷണത്തിന്

മാനന്തവാടി: മാനന്തവാടിയില്‍ ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധു(42) വിന്റെ ഡയറി പോലീസ് കണ്ടെടുത്തു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുത്തലുകള്‍ നേരിട്ടതായി ഡയറിയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയവും അവര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പോലീസ് പരിശോധിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് സിന്ധു ആര്‍.ടി.ഒയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുഗമമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍.ടി.ഒ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ആത്മഹത്യയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. മാനന്ദവാടി സബ് ഓഫീസ് ചമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും. അതിനിടെ, സിന്ധു ഓഫീസില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് പറഞ്ഞു. സിന്ധുവിനോട് മറ്റ് ജീവനക്കാര്‍ കയര്‍ത്തുസംസാരിച്ചിരുന്നുവെന്നും സിന്ധു…

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ അഞ്ചോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിക്കാന്‍ ശ്രമം; തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം: ജാമ്യമില്ല കേസ്

തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കേസ്. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്കു മേയറുടെ ഡ്രൈവര്‍ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മേയര്‍ എം.കെ. വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ സമരം നടത്തി. അതേസമയം, മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുണ്ട്. രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. കുടിവെള്ളത്തിനു പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചത്.  

പറവൂരില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

കൊച്ചി: പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്‌കൂളില്‍ മടങ്ങിയെത്തിയ കുട്ടി പരീക്ഷയെഴുതി. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ വാക്സിനെടുത്തു.

നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

അങ്കമാലി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

ദുബായിയില്‍ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു

ദുബായ്: ദുബായിയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ദുബായ് ഡിജിറ്റല്‍ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണം.ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

എം.എ. യൂസഫലി അതിസമ്പന്നനായ മലയാളി

  ദുബായ് : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ മലയാളികളായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 540 കോടി ഡോളറിന്റെ ആസ്തിയാണ് എം.എ. യൂസഫലിക്ക്. 410 കോടി ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസ് ഉടമ ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ്.സി. ഷിബുലാല്‍ (220 കോടി ഡോളര്‍), സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (140 കോടി ഡോളര്‍) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു മലയാളികള്‍. ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ…

ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോജന്‍ മാത്യു (പ്രസിഡന്റ്), ബാബു ചാക്കോ (വൈസ് പ്രസിഡന്റ്), ബിജോ തോമസ് (സെക്രട്ടറി), അലന്‍ സെബാസ്റ്റ്യന്‍ ( ജോയിന്റ് സെക്രട്ടറി), ജിന്റോ ജോയി (ട്രഷറര്‍), പി.ജെ. ജോസ് ( ജോയിന്റ് ട്രഷറര്‍), ജിജി മാത്യു (ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍), അനീറ്റ് സിബി (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവരെയും പത്ത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് അംഗ വിമന്‍സ് ഫോറം അംഗങ്ങളെയും ഏഴ് അംഗ ഉപദേശക ബോര്‍ഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ബാബു അഗസ്റ്റിന്‍ പാറയാനിയും ജെയ്‌സണ്‍ കാളിയാനിയും തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. വഫ്ര ലേക്ക് റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ കുടുംബങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിനു പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അഡ്വ. ലാല്‍ജി ജോര്‍ജ്, ട്രഷറര്‍ പി. അനീഷ് ,…

ബിവറേജസ് ഔട്‌ലറ്റിന് മുന്നില്‍ അപകടം; കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാറിലെ യാത്രക്കാര്‍ ബിവറേജസില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തിയവരായിരുന്നു. ഔട്ട്ലെറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ഇവര്‍ മദ്യം വാങ്ങാന്‍ പോയത്. തിരികെവന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടന്‍തന്നെ നാട്ടുകാര്‍ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു.

നെന്മാറ വേലയ്ക്ക് ബസിന് മുകളില്‍കയറിയുള്ള യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മാറ വേലയ്ക്ക് ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. എസ്.ആര്‍.ടി, കിങ്സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയത്. ബസിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍ടി.ഒ തീരുമാനിച്ചിട്ടുണ്ട്. വേറെയും ബസുകളുടെ സമാനമായ വീഡിയോകള്‍ ആര്‍.ടി.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവും. വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണ നെന്മാറ വേല വെടിക്കെട്ട് കാണാനായി എത്തിയിരുന്നത്. എല്ലാ വര്‍ഷവും ആളുകള്‍ വെടിക്കെട്ട് കഴിഞ്ഞ് ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തവണ വീഡിയോ പ്രചരിച്ചതാണ് നടപടിയിലേക്ക് എത്തിച്ചത്.