ഓഫീസിലെ ഒറ്റപ്പെടുത്തലും ജോലി നഷ്ടപ്പെടുന്ന ഭയവും; ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ജീവനക്കാരിയുടെ ഡയറിയില്‍ കണ്ടെടുത്തു; ജോയിന്റ് കമ്മീഷണര്‍ അന്വേഷണത്തിന്

മാനന്തവാടി: മാനന്തവാടിയില്‍ ജീവനൊടുക്കിയ ആര്‍.ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധു(42) വിന്റെ ഡയറി പോലീസ് കണ്ടെടുത്തു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുത്തലുകള്‍ നേരിട്ടതായി ഡയറിയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയവും അവര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കുറിപ്പ്.
സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പോലീസ് പരിശോധിക്കുകയാണ്.

മരിക്കുന്നതിന് മുന്‍പ് സിന്ധു ആര്‍.ടി.ഒയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുഗമമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍.ടി.ഒ വ്യക്തമാക്കുന്നത്.

സിന്ധുവിന്റെ ആത്മഹത്യയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. മാനന്ദവാടി സബ് ഓഫീസ് ചമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും.

അതിനിടെ, സിന്ധു ഓഫീസില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് പറഞ്ഞു. സിന്ധുവിനോട് മറ്റ് ജീവനക്കാര്‍ കയര്‍ത്തുസംസാരിച്ചിരുന്നുവെന്നും സിന്ധു കരയുന്നതും പലരും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ ഒറ്റപ്പെടുത്തലുകളും മാനസിക പീഡനവും ജോലി പോകുമെന്ന ഭയവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരിയായ സിന്ധു സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News