ആര്‍ടി ഓഫീസിലെ ജീവനക്കാരിയുടെ മരണം; ജൂനിയര്‍ സുപ്രണ്ടിനെ സ്ഥലം മാറ്റി

വയനാട്: ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പുതല നടപടി. മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.പി. അജിത കുമാരിയെ കോഴിക്കോട് ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ മാനന്തവാടി എസ്ആര്‍ടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശിപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുള്‍പ്പെടെ പേര് പരാമര്‍ശിക്കപ്പെട്ട പി.പി. അജിതകുമാരിക്കെതിരെയാണ് ആദ്യഘട്ട നടപടി വന്നിട്ടുള്ളത്. ഏപ്രില്‍ ആറിന് രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ജീവനൊടുക്കിയത്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.    

എഐഎസ്എഫ് സെമിനാറില്‍ പി.സി. വിഷ്ണുനാഥ്; പങ്കെടുത്തത് പാര്‍ട്ടി അറിവോടെയെന്ന് എംഎല്‍എ

തിരുവനന്തപുരം: എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് പാര്‍ട്ടി അനുമതിയോടെയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. കെ.വി. തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും ഇരുവരും അടുത്തിടപഴുകിയതും എഐഎസ്എഫിന്റെ സെമിനാറില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്തതുമാണ് കെ.വി. തോമസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തും അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ. ആന്റണി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പി.സി. വിഷ്ണുനാഥും ചെയ്തതെന്നും കെ.വി. തോമസ് ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി.സി. വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ.വി. തോമസ് ആരാഞ്ഞു. തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി…

അട്ടപ്പാടിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടിക്ക് സമീപം സ്വര്‍ണഗദ്ദയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂര്‍ ഉമ്മത്താംപടി സ്വദേശി സോമന്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഉമ്മത്താംപടി ഹെല്‍ത്ത് സബ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ആന ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  

ഡിവൈഎഫ്‌ഐ സെമിനാറില്‍ ചുവപ്പ്‌സാരി ധരിച്ച് പങ്കെടുക്കണം, ഇല്ലെങ്കില്‍ പിഴ; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രി സിഡിഎസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ഭീഷണിയുടെ ശബ്ദ സന്ദേശം അയച്ചത്. പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നാണ് അറിയിച്ചത്. ഇല്ലങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നാണ് ഭീഷണി.  

ശ്രീനിവാസന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊലയാളി സംഘത്തിന് വാഹനം നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തിയവരും കൊലയാളികൾക്ക് സംരക്ഷണം നൽകിയവരുമടക്കം 12 പ്രതികളാണ് കേസിലുള്ളത്. കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരും ശംഖുവാരത്തോട് സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനയിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 16ന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറ് പേരടങ്ങുന്ന കൊലയാളി സംഘം രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

കെ റെയ്ല്‍: സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാരെ മര്‍ദ്ദനമുറകളിലൂടെ നേരിട്ട പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസിനെ ജനങ്ങൾ തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയത്. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു ഇടവേളക്ക് ശേഷം വീണ്ടും കെ റെയില്‍ കല്ലിടലുമായി തിരുവനന്തപുരം കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്‌ഥരുടെ സുരക്ഷയുടെ പേരില്‍ പോലീസ് അഴിഞ്ഞാടുകയാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്‌ച പ്രതിഷേധാര്‍ഹമാണ്. കോട്ടയം മാടപ്പള്ളിയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്‌ച…

മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുകയാണ് ദേശീയ മാധ്യമങ്ങൾ: എസ്.ഐ.ഒ ഇഫ്താർ സംഗമം

ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ ഒത്താശയോടെ സംഘ്പരിവാർ മുസ്ലിം വംശഹത്യ നടപ്പിലാക്കുമ്പോൾ ഇസ്ലാമോഫോബിക് വാർത്തകൾ നൽകി അതിന് കളമൊരുക്കുകയാണ് മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ എന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിലയിരുത്തി. നിലവിലെ വംശഹത്യ വാർത്തകൾ ചെറുതായെങ്കിലും പുറംലോകം അറിയുന്നത് ചെറിയ ബദൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ്. ജനാധിപത്യത്തിൻ്റെ പ്രതീക്ഷയായി മാറുന്ന ഇത്തരം ബദൽ മീഡിയകളെ ഒരുമിച്ച് ഇരുത്തിയാണ് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മീഡിയ-ഓൺലൈൻ മീഡിയ പ്രവർത്തകരായ അസ്‌ലഹ്, സാഹിദ് ഫാരിസ് ( മക്തൂബ് മീഡിയ), റമീസുദ്ദീൻ (എക്സ്പാറ്റ് അലൈവ്), സഫ്‌വാൻ കാളികാവ് (ഡൂൾ ന്യൂസ്), അഫ്സൽ റഹ്‌മാൻ, ഇജാസുൽ ഹഖ്, ഷകീബ് (മീഡിയ വണ്‍ മാധ്യമ പ്രവർത്തകർ), സംഘടനാ നേതാക്കളായ കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഷഹീർ പുല്ലൂർ (എം.എസ്.എം),അഡ്വ.…

മഞ്ജു നൃത്തം ചെയ്യുന്നതുപോലും ദിലീപിന് ഇഷ്ടമായിരുന്നില്ല: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഭാഗ്യ ലക്ഷ്മി പറഞ്ഞത്:  കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു. ‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.…

കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ച യൂണിയൻ നേതാവിന് ആറ് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചതിന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴ ചുമത്തി ഉത്തരവ്. ഇത് സംബന്ധിച്ച് ബോർഡ് ചെയർമാൻ ബി അശോക് ഉത്തരവിറക്കി. കെ.എസ്.ഇ.ബി.യുടെ നിരോധനാജ്ഞ ലംഘിച്ചതിന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട യൂണിയൻ നേതാവാണ്. എം എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ് കുമാര്‍. ഈ കാലയളവില്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടു ഉത്തരവിറങ്ങിയത്. ഇതേസമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ച നടന്നിരുന്നു. പ്രതികാര നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. 2020-ലാണ് ഹൂസ്റ്റണിൽ മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ യാത്ര. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി ഏപ്രില്‍ 23-നാണ് അമേരിക്കയിലേക്ക് പോകുന്നത്. അദ്ദേഹത്തിനു പിന്നാലെ കോടിയേരിയും പോകുമെന്നാണ് വിവരം. രണ്ടാമത്തെ ചികിത്സ കഴിഞ്ഞേ അദ്ദേഹം മടങ്ങൂ. ഏപ്രിൽ 23ന് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി മെയ് മാസത്തിൽ തിരിച്ചെത്തും. അമേരിക്കയിലെ മിനസോട്ടയില്‍ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.