മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട കുടുംബം വായ്പാ തുക തിരിച്ചടച്ചു

മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത വീട് തിരിച്ചെടുത്ത് കുടുംബം. വായ്പതുക പലിശ സഹിതം അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചു. കുടുംബനാഥന്‍ അജേഷിനു വേണ്ടി ഭാര്യ മഞ്ജുവാണ് ബാങ്കിലെത്തി പണം അടച്ചത്. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു നല്‍കിയ പണമാണ് ബാങ്കില്‍ അടച്ചത്. എം.എല്‍.എ നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴും നാടകീയ രംഗങ്ങളുണ്ടായി. എം.എല്‍.എയുടെ ചെക്ക് സ്വീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ കടമടച്ചു തീര്‍ത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മഞ്ജുവും നിലപാട് എടുത്തു. ഒടുവില്‍ എം.എല്‍.എ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് സ്വീകരിച്ചു. കുട്ടികളെ ഇറക്കിവിട്ട് പൂട്ടിയ വീട് എം.എല്‍.എ എത്തിയാണ് പൂട്ട് പൊളിച്ച് കുട്ടികഴെ വീട്ടില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തിരുന്നു.  

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചയാളാണ് ഹാക്കര്‍ സായ് ശങ്കര്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുക കൂടി ചെയ്തതോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളുടെ കോഴിക്കോടുള്ള ഫ്‌ളാറ്റുകളില്‍ റെയ്ഡ നടത്തിയിരുന്നു.

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മുപ്പതാം വാര്‍ഡ് ഐലന്റ് സൗത്തിലെ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. ഇടപ്പള്ളിക്ക് സമീപം കട നടത്തുന്ന കാസര്‍ഗോഡ് സ്വദേശി മണിയെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. സംഘത്തിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയത്. വ്യാപാര തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ടിബിന്‍ പറയുന്നത്. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പാണെന്ന് പോലീസ് പറയുന്നു.  

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രാനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്. മേയ് 11ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തും. സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിനു നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.    

ഇടുക്കി എന്‍ജി.കോളജിലെ സംഘര്‍ഷം: ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ധീരജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കു ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജിനെയാണ് പ്രാദേശിക യൂത്ത്കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി കുത്തിക്കൊന്നതായി കേസുള്ളത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതനുസരിച്ച് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനി പ്രാബല്യത്തിലുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.    

ഗുണ്ടാ വിളയാട്ടം: കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറുണ്ടായി. സംഭവത്തില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു.ബോംബേറില്‍ ഇയാളുടെ ഇടതുകാല്‍ ചിന്നിച്ചിതറിയ നിലയിലായി. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്നാണ് പ്രാഥമിക നിഗമനം. ക്ലീറ്റസിനൊപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമികള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ബോംബ് ക്ലീറ്റസിന്റെ കാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.    

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയത്. അടുത്തയാഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,264 ആയി

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39,…

ഏതെങ്കിലും കേസില്‍ പ്രതിയാക്കി അകത്തിടണം; എസ്.ഐയുടെ നെഞ്ചത്ത് ചവിട്ട് യുവാവിന്റെ ആക്രോശം

പത്തനംതിട്ട: ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും ബെഞ്ചും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്.തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇയാളെ ശാസിച്ച് പോലീസ് പറഞ്ഞയച്ചു. ഇതിനിടെ, ഇയാള്‍ സ്വകാര്യ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെ പ്രതി പോലീസ് സ്റ്റേഷനില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതു തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.