ആഡംബര കപ്പലിലെ ലഹരി കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ല; സമീര്‍ വാങ്കഡെ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിക്കാതെ:എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി)യുടെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). രാജ്യാന്തര ലഹരി കടത്ത് സിന്‍ഡിക്കേറ്റുമായുള്ള വന്‍തോതിലെ ലഹരി കടത്തിന് ആര്യന്‍ ഗൂഢാലോചന നടത്തിയെന്നതിനും തെളിവില്ലെന്നും എസ്.ഐ.ടി പറയുന്നു.

കപ്പലില്‍ നടന്ന റെയ്ഡില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്യന്റെ പക്കല്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആര്യന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതിനോ ചാറ്റുകള്‍ പരിശോധിക്കുന്നതോ ആവശ്യമില്ല. ആര്യന്റെ ഫോണിലെ ചാറ്റുകളില്‍ നിന്ന് രാജ്യാന്തര നര്‍ക്കോട്ടിക്‌സ് സിന്‍ഡിക്കേറ്റുമായുള്ള ബന്ധത്തിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടില്ല. റെയ്ഡുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് എന്‍.സി.ബിയുടെ മാര്‍ഗനിര്‍ദേശം. അറസ്റ്റിലായ മറ്റു പലരില്‍ നിന്നും പിടിച്ചെടുത്ത ലഹരി വളരെ കുറഞ്ഞ അളവിലുമാണ്. ആര്യനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നു പറയുമ്പോഴും എസ്.ഐ.ടി അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അന്തിമ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാവുമെന്നും എന്‍.സി.ബി ഡയറക്ടര്‍ ജനറല്‍ എസ്.എന്‍ പ്രഥാന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനാണ് ആര്യന്‍ ടാന്‍ അടക്കമുള്ളവരെ മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് പിടികൂടിയത്. എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 26 ദിവസത്തെ എന്‍.സി.ബി കസ്റ്റഡിക്കു ശേഷമാണ് ഒക്‌ടോബര്‍ 28ന് ആര്യന് ജാമ്യം ലഭിച്ചത്. ഒക്‌ടോബര്‍ 30നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായതും.

Print Friendly, PDF & Email

Leave a Comment

More News