സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും; ഷംസീറും റിയാസുമടക്കം ആറു പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുമെന്ന് ഉറപ്പായി. ഇത് മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിന്റെ പേര് നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് വിവരം.

മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്റെയും സി.കെ. രാജേന്ദ്രന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.

പി.ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രായം പരിഗണിച്ച് ജയരാജന്‍ ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.വി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ വടകരയില്‍ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന് പാര്‍ട്ടി സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വ്യക്തി പൂജയുടെ പേരില്‍ പാര്‍ട്ടി നടപടിയെടുത്തതും ജയരാജന് തിരിച്ചടിയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News