ഉക്രൈനിൽ കുടുങ്ങിയവരെക്കുറിച്ച് ആശങ്ക ഉയർത്തി സുപ്രീം കോടതി; പരാതിക്കിട നല്‍കാതെ എല്ലാവരേയും സമയബന്ധിതമായി ഒഴിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ സുപ്രീം കോടതി ആശങ്കയറിയിച്ചു. എന്നാല്‍, ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതുവരെ 17,000 ഇന്ത്യാക്കാരെ രക്ഷാദൗത്യത്തിലൂടെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. കുടുങ്ങിപ്പോയവർ എവിടെയാണെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിക്കാൻ വാക്കാൽ നിർദ്ദേശിച്ചു. ഒരു പരാതിയുമില്ലാതെ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം, 1990 ലെ കുവൈറ്റ് രക്ഷാദൗത്യ അനുഭവം ഉണ്ടെന്ന് അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഉക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്.

സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. കിഴക്കന്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം.

വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്‍റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു.

രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുന്ന പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിനായി സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാല്‍ വിമാനങ്ങള്‍ പുറപ്പെടും.

അതേസമയം, വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ 130 ബസുകൾ ഒരുക്കിയതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖാർകിവിലും സുമിയിലും കുടുങ്ങിയവരെ ബൾഗറോഡ് മേഖലയിലൂടെ രക്ഷിക്കാനാണ് പദ്ധതിയെന്ന് റഷ്യൻ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News