പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായിരുന്നു ചികിത്സയിലായിരുന്നു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവില്‍ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ മക
ള്‍ ശരീഫ ഫാത്തി സുഹറയാണ് ഭാര്യ. മക്കള്‍: നയീം അലി ശിഹാബ് തങ്ങള്‍, മുയീന്‍ അലി ശിഹാബ് തങ്ങള്‍,സാജിദ, ശാഹിദ. മരുമക്കള്‍: നിയാസ് അലി ജിഫ്രി, സയ്യിദ് ഹബീബ് സഖാഫ്.

പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, കുഞ്ഞിബീവി.

Print Friendly, PDF & Email

Leave a Comment

More News