ട്രെയിന്റെ അടിയില്‍ പെട്ട നാലുവയസ്സുകാരിക്ക് രക്ഷകരായി രണ്ട് പോലീസുകാര്‍

വര്‍ക്കല: റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ട്രാക്കിലേക്കു വീണുപോയ നാലുവയസ്സുകാരിക്ക് പോലീസുകാര്‍ രക്ഷകരായി. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. മധുര സ്വദേശി സെല്‍വകുമാറിന്റെയും
രേമുഖിയുടെയും മകള്‍ റിയശ്രീയാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മധുര-പുനലൂര്‍ പാസഞ്ചറിലാണ് വര്‍ക്കല സന്ദര്‍ശിക്കാനായി ധുരയില്‍ നിന്നുള്ള സംഘം എത്തിയത്. തീവണ്ടി വര്‍ക്കല സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുമ്പോഴാണ് റിയശ്രീ അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി കുട്ടി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ ഓടിയെത്തി. ഇവര്‍ തീവണ്ടിക്കടിയില്‍നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്ഫോമിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ സമീപത്തായിരുന്നു അപകടം നടന്നത്.

ബഹളം കേട്ടതിനാല്‍ അപകടവിവരം സ്റ്റേഷന്‍ സൂപ്രണ്ട് ശിവാനന്ദന്റെ ശ്രദ്ധയിലുമെത്തി. അതിനാല്‍ അദ്ദേഹം തീവണ്ടിക്ക് സിഗ്‌നല്‍ നല്‍കാതിരുന്നതും അപകടമൊഴിവാക്കി.. രക്ഷപ്പെടുത്തിയശേഷം റിയശ്രീയെ പോലീസുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. മൂക്കിന് ചെറിയ പരിക്ക് മാത്രമാണുണ്ടായിരുന്നത്. പ്രാഥമികചികിത്സയ്ക്കുശേഷം കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം യാത്രയായി. മകളുടെ ജീവന്‍ രക്ഷിച്ച പോലീസുകാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞാണ് കുടുംബം യാത്രയായത്. സമയോചിതമായി ഇടപെട്ട് കുട്ടിയുടെ ജീവന്‍ രക്ഷിച്ച പോലീസുകാരെ വര്‍ക്കല ശിവഗിരി റെയില്‍വേ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.പ്രസന്നകുമാര്‍ അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News