രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് ജാമ്യം

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. മുന്‍പ് രണ്ടു തവണ പരോളില്‍ പുറത്തിറങ്ങിയ പേരറിവാളന്റെ പേരില്‍ പരാതികളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്തുന്ന മാനുഷിക പരിഗണനയാണ് കോടതി നല്‍കിയത്.

ജസ്റ്റീസ് എല്‍ നാഗേശ്വര റാവു, ജസ്റ്റീസ് ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ തീരുമാനം. പേരറിവാളന്റെ ആരോഗ്യ സ്ഥിതിയും പരിഗണിക്കുന്നതായി കോടതി അറിയിച്ചു.

പേരറിവാളന്റെ ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പേരറിവാളന്റെ വാദം.

എന്നാല്‍ ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ദയാഹര്‍ജി പരിഗണിക്കുന്നത് അനന്തമായി കാലതാമസം വന്നുവെന്ന് കാണിച്ചായിരുന്നു ശിക്ഷ ഇളവ്. ഇതേ സാഹചര്യം തന്നെയാണ് ജാമ്യത്തിനായി പേരറിവാളന്‍ ഉന്നയിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ജയില്‍ മോചനത്തിനുള്ള അധികാരം കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ എന്ന നിയമ പ്രശ്‌നത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ജാമ്യം നല്‍കുന്നതില്‍ അനൗചിത്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

എല്ലാ മാസവും പോലീസ് സ്‌റ്റേഷന് മുമ്പാകെ ഹാജരാകണം അടക്കമുള്ള ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ഉപാധികള്‍ വേണമെങ്കില്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാം.

രാജീവ് ഗാന്ധി വധത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 19ാം വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. ബെല്‍റ്റ് ബോംബ് നിര്‍മ്മിക്കുന്നതിനുള്ള എട്ട് വോള്‍ട്ട് ബാറ്ററി വാങ്ങിയത് പേരറിവാളനാണെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്റ്. 1999 മേയില്‍ വധശിക്ഷ വിധിച്ചു. 2014ല്‍ കോടതി ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ശ്രീലങ്കന്‍ സ്വദേശികളായ മുരുഗന്‍, ശാന്തന്‍ എന്നിവരുടെ ശിക്ഷയും ഇളവ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News