സ്‌കൂളില്‍ മോഷണം; കുട്ടികളുടെ പരീക്ഷാ ഫീസ് കള്ളന്‍ കൊണ്ടുപോയി; പകരം പണമടച്ച് അദ്ധ്യാപകര്‍

അന്നമനട: കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക മോഷണം പോയി. മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 89,000 രൂപ മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കം ചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു.

എല്‍.പി. സ്‌കൂളിലും കവര്‍ച്ചശ്രമം നടന്നിട്ടുണ്ട്. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി.

വിദ്യാര്‍ഥികളും അദ്ധ്യാപകരും ആശങ്കയിലായെങ്കിലും അദ്ധ്യാപകര്‍ സ്വന്തംനിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണ ശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. വിരലടയാള വിദഗ്ധരും പരിശോധിച്ചു

ഫീസ് ശേഖരിക്കുന്ന സമയം മനസ്സിലാക്കിയ ആരെങ്കിലുമാകാം കവര്‍ച്ച നടത്തിയതെന്നാണ് ആദ്യ നിഗമനം. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ സഹായത്താല്‍ മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, എസ്.എച്ച്.ഒ. ബി.കെ. അരുണ്‍, എസ്.ഐ. മാരായ ഷാജു എടത്താടന്‍, ഷിബു, സി.പി.ഒ. നിതീഷ്, ഹോംഗാര്‍ഡ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Print Friendly, PDF & Email

Leave a Comment

More News