ഏലിയാസ് എരമത്ത് അച്ചന് മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ഇടവകയുടെ ഊഷ്മളമായ യാത്രയയപ്പ്

മെസ്കീറ്റ് (ടെക്സസ്): കഴിഞ്ഞ മൂന്നു വര്‍ഷമായി മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വികാരിയായി സേവനം ചെയ്ത് പൗരോഹിത്യ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ബഹു. ഏലിയാസ് എരമത്ത് അച്ചന് മാര്‍ച്ച് 13-ാം തീയതി ഞായറാഴ്ച ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഏലിയാസ് അച്ചന്റെ വി. കുര്‍ബാനയ്ക്കു ശേഷം കൂടിയ അനുമോദന സമ്മേളനത്തില്‍ കുരിയാക്കോസ് തരിയന്‍ എം.സി. ആയിരുന്നു. ഏലിയാസ് അച്ചന് വികാരി വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായും, ഏലിസബത്ത് അമ്മായിക്ക് സെന്റ് മേരീസ് വിമന്‍സ് ലീഗ് പ്രതിനിധി ജ്യോതി ആഞ്ചലോയും ബൊക്കെ കൊടുത്ത് സ്വീകരിച്ചു. പ്രസൂണ്‍ വറുഗീസിന്റെ ശ്രുതിമധുരമായ സ്തുതിഗാനത്തിന് ശേഷം വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, വൈസ് പ്രസിഡന്റ് കുരിയാക്കോസ് തരിയന്‍, സണ്‍‌ഡേ സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ റോബിന്‍ ഡേവിഡ്, സെക്രട്ടറി വത്സലന്‍ വറുഗീസ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി

ഏലിയാസ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍, തനിക്ക് പട്ടം തന്ന തിരുമേനിമാര്‍ തന്നോട് അഭിഷിക്ത സ്ഥാനങ്ങളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും, എന്നാല്‍ താന്‍ അതിന് അര്‍ഹനല്ലെന്ന ബോധ്യത്തോടെ, തന്നെ ഒഴിവാക്കണമെന്ന് അവരോട് അപേക്ഷിക്കുകയും ചെയ്തകാര്യം വിവരിച്ചു. ഈ ഭദ്രാസനത്തിലെ പല പള്ളികളിലും സേവനം ചെയ്തിട്ടുണ്ടെങ്കിലും, ഇത്ര മേല്‍ ഊഷ്മളമായ ഒരു യാത്രയയപ്പ് അനുഭവം കിട്ടുന്നത് ഈ ചെറിയ ഇടവകയില്‍ നിന്നാണെന്ന് ഓര്‍മ്മിപ്പിച്ച്, പ്രത്യേകം സന്തോഷം പ്രകടിപ്പിച്ചു.

ട്രഷറര്‍ പ്രിന്‍സ് ജോണിന്റെ അഭാവത്തില്‍ കമ്മിറ്റിയംഗം വറുഗീസ് മാണി (തങ്കച്ഛന്‍)ഏലിയാസ് അച്ചന് പള്ളിയുടെ ഉപഹാരം കൈമാറി. ഇടവക അംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി വത്സലന്‍ വറുഗീസിന്റെ നന്ദിപ്രകാശനത്തോടും സ്‌നേഹവിരുന്നോടും കൂടി പരിപാടികള്‍ക്ക് തരിശ്ശീല വീണു.

Print Friendly, PDF & Email

Leave a Comment

More News