കളമശ്ശേരിയില്‍ നാല് കുടിയേറ്റ തൊഴിലാളികൾ മണ്ണിടിച്ചിലിൽ മരിച്ചു; അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

എറണാകുളം: വെള്ളിയാഴ്ച കളമശ്ശേരിയിൽ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് കുടിയേറ്റ തൊഴിലാളികൾ മരിച്ചു, കാണാതായ മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ ഇലക്‌ട്രോണിക് സിറ്റിയുടെ നിർമാണത്തിനായി തൂണുകൾ ഇടുന്നതിനായി തൊഴിലാളികൾ നിലം കുഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഏഴ് തൊഴിലാളികൾ കുഴിയെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായും, രണ്ട് പേരെ ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
പതിനെട്ടടിയോളം താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം.

നിർമ്മാണ സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരവാദികളായ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളും ജില്ലാ ഭരണകൂടം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

അപകടത്തില്‍ പെട്ട രണ്ട് പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തെടുത്തതിനാൽ ജീവൻ രക്ഷിക്കാനായി. അതേസമയം മറ്റു നാലുപേരെ മണിക്കൂറുകൾക്ക്‌ശേഷം മാത്രമാണ് ഫയർഫോഴ്‌സ്‌ സംഘത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്. ഇവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജീവൻ നഷ്ടമായവരെല്ലാം ബംഗാൾ സ്വദേശികളാണ്. ഫൈജുൽ, കൂടുസ്, നൗജേഷ് അലി, നൂർ അമീൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

മണ്ണിനടിയിൽ മുഹമ്മദ് നൂറുള്ളയെന്ന ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടർന്നുവെങ്കിലും ഇയാളെ പുറത്തു നിന്നും കണ്ടെത്തി. ഇതോടെയാണ് അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഇതര സംസ്ഥാനക്കാരായ 25 പേരായിരുന്നു അപകടം നടന്ന സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നത്.

മണ്ണിടിച്ചലിനെ തുടർന്ന് തൊഴിലാളികൾ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ എത്ര പേർ അപകടത്തിൽ പെട്ടുവെന്നതിൽ ആശയ കുഴപ്പമുണ്ടായി. 25ല്‍ 18 പേരെ കണ്ടെത്തിയതോടെയാണ് ഏഴ് പേർ അപകടത്തിൽ പെട്ടുവെന്ന നിഗമനത്തിലെത്തിയത്.

ഇതേ തുടർന്ന് ആറുപേരെയും പുറത്തെടുത്ത ശേഷവും കാണാതായ ഒരാൾക്ക് വേണ്ടി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തി. ശേഷമാണ് ഇയാൾ അപകടത്തിൽ പെട്ടില്ലന്ന ആശ്വാസകരമായ വിവരം ലഭിച്ചത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് ആളുകൾ കൂടുങ്ങി കിടക്കുന്ന സ്ഥലം നിർണ്ണയിച്ചാണ് തെരച്ചൽ നടത്തിയത്. ഏഴ് ഫയർഫോഴ്സ് യൂണിറുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

അപകടത്തെ തുടർന്ന് ഇലക്ട്രോണിക് സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തി വെക്കാൻ ജില്ലാ കലക്‌ടർ ജാഫർ മാലിക്ക് ഉത്തരവിട്ടു. അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകി. നിർമാണ പ്രവർത്തനം നടന്ന ഇലക്ട്രോണിക്ക് സിറ്റിയിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടില്ലന്നാണ് പ്രാഥമികമായ വിലയിരുത്തൽ . ഈ സ്ഥാപനത്തിനെതിരെ ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാന തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെടുന്ന 25 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് ഉണ്ട്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും നല്ല വേതനവുമാണ് വടക്കുകിഴക്കൻ, വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News