അഡ്വ. ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥനാര്‍ഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് പരിസമാപ്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

റോബര്‍ട്ട വദ്രയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണനെ പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചപ്പോള്‍ എം.ലിജുവിന്റെ പേരാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്നോട്ടുവച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതും കെ.പി.സി.സി അധ്യക്ഷന്‍ ഒരാള്‍ക്കു വേണ്ടി പക്ഷം പിടിച്ചതും ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു.

ജെബി, ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരാണ് അന്തിമ പട്ടികയില്‍ കെ.പി.സി.സി മുന്നോട്ടുവച്ചത്. ഇതില്‍ നിന്നാണ് ഹൈക്കമാന്‍ഡിന്റെ തിരഞ്ഞെടുപ്പ്.

സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് മത്സരിക്കുന്ന സി.പി.എം, സി.പി.ഐ കക്ഷികള്‍ യുവനേതാക്കളെയാണ് മുന്നോട്ടുവച്ചത്. ഇതോടെ യുവ രക്തത്തിനായി സീറ്റ് മാറിക്കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും നിര്‍ബന്ധിതരായി.

Print Friendly, PDF & Email

Leave a Comment

More News