വിദേശ വനിതാ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ കേസ്; ജൂൺ ഒന്നിന് വിചാരണ തുടങ്ങും

തിരുവനന്തപുരം: 2018-ല്‍ കോവളത്ത് ലാത്വിയൻ വിനോദ സഞ്ചാരി ലിഗ സ്‌ക്രോമാനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കും. കേസിൽ 2019 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

2018-മാര്‍ച്ച് 14-നാണ് ചികിത്സയ്‌ക്കായി ലിഗ കേരളത്തിലെത്തിയത്. മെയ് ആദ്യവാരത്തിലാണ് ലിഗയെ കാണാതായത്. ഒരു മാസവും ഒരാഴ്‌ചയും കഴിഞ്ഞ് അവരുടെ അഴുകിയതും തലയില്ലാത്തതുമായ മൃതദേഹം തിരുവല്ലത്തെ കണ്ടൽക്കാടിൽ കണ്ടെത്തി. തുടക്കത്തിൽ, ആറ് പേരെ – അവരിൽ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങൾ – കസ്റ്റഡിയിലെടുത്തിരുന്നു. ലിഗയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് മയക്കുമരുന്ന് കടത്തുകാരനും ടൂറിസ്റ്റ് ഗൈഡുമായ ഉദയന്‍, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

2022 ജനുവരി 6 നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരി ഇല്‍സി സ്ക്രൊമനെ അടക്കം 104 സാക്ഷികളെ കോടതി വിസ്‌തരിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.

കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ ലിഗയെ കണ്ടല്‍ കാട്ടിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽ കാട്ടിൽ ഉണ്ടെന്ന് പ്രതികള്‍ പറയുന്നത്. ഇതിനിടയിൽ കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കാണിച്ച് സുഹൃത്തായ ആൻഡ്രു ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി തള്ളുകയായിരുന്നു.

കേസിനോടുള്ള പോലീസ് സമീപനത്തിൽ തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് ആൻഡ്രൂ പറയുന്നു. ഒരു മുഖ്യ പ്രതിയെ പെട്ടെന്ന് സംശയത്തിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. മറ്റ് ലൈംഗികാതിക്രമക്കേസുകളുള്ള ഉദയനും ഉമേഷും ജാമ്യത്തിലാണെന്നതും അദ്ദേഹത്തെ കുഴക്കുന്നുണ്ട്. “പ്രതികളെ ജാമ്യത്തിൽ വിട്ടയക്കാൻ എങ്ങനെ സാധിക്കും? അവർ രണ്ടുപേർക്കും ലൈംഗികാതിക്രമത്തിന്റെ ചരിത്രങ്ങളുണ്ട്, അവരെ വളരെക്കാലം മുമ്പേ ജയിലിലടയ്ക്കേണ്ടതായിരുന്നു,” ആൻഡ്രൂ പറയുന്നു.

“ലിഗയുടെ കൊലപാതകത്തിന് ശേഷമുള്ള വർഷത്തിൽ, നിയമ നടപടികളിൽ ഞാൻ പൂർണ്ണമായും നിരാശനായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ, കേസ് പൂർണ്ണമായി അന്വേഷിക്കാൻ പോലീസിന് ഒട്ടും ഉദ്ദേശ്യമില്ലെന്ന് വ്യക്തമായി. ലിഗയുടെ കൊലപാതകം ആത്മഹത്യയായി മാറ്റാൻ അവർ ശ്രമിച്ചപ്പോൾ, വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, നീതി ലഭിക്കില്ലെന്ന് വ്യക്തമായി. തുടർന്നുള്ള ദിവസങ്ങളിൽ, കേസ് പരിഹരിച്ചതായി അവർ അവകാശപ്പെടുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. സത്യത്തിൽ, അവർ ഒരു കഥ കെട്ടിച്ചമച്ചു, അവരുടെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള തെളിവുകൾ ഉണ്ടാക്കി. കോടതി ഉത്തരവിന് നേരിട്ട് വിരുദ്ധമായി ഒരേയൊരു ഭൗതിക തെളിവായ ലിഗയുടെ മൃതദേഹം വേഗത്തിൽ സംസ്‌കരിക്കാൻ അവർ ക്രമീകരണങ്ങള്‍ നടത്തി,” ആൻഡ്രൂ ആരോപിച്ചു.

പരസ്പര വിരുദ്ധമായ തെളിവുകളെക്കുറിച്ചും ആന്‍‌ഡ്രൂ പോലീസിനെ ചോദ്യം ചെയ്തു. “അവർ (പോലീസ്) കേൾക്കുന്നതായി നടിച്ചു. പക്ഷേ ഒരിക്കലും പ്രതികരിക്കുകയോ ഒരു പ്രതികരണവും നൽകുകയോ ചെയ്തില്ല. അവരിൽ നിന്ന് എനിക്ക് സമ്മാനമായി ലഭിച്ചത് ഒരു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരുന്നു, അതുതന്നെ അവ്യക്തവും അവരുടെ കഥയോട് യോജിക്കാത്തതുമായ വിവരങ്ങൾ അടങ്ങിയിരുന്നു. ഞാൻ അയർലണ്ടിൽ തിരിച്ചെത്തിയപ്പോൾ പോലീസുമായി ബന്ധപ്പെടാൻ വൃഥാ ശ്രമിച്ചു. പോലീസിന്റെ നിഗമനങ്ങളിൽ ലിഗയുടെ കുടുംബം തൃപ്തരായിരുന്നു, എന്നാൽ വാസ്തവത്തിൽ, അവർ ആ സംഭവം വിസ്മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ, തെളിവുകളും പോലീസിന്റെ കഥയും തമ്മിലുള്ള വ്യക്തമായ വൈരുദ്ധ്യങ്ങൾ അവഗണിക്കുകയും ചെയ്തു,” ആന്‍ഡ്രൂ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News