തെലുങ്കാനയില്‍ തടി ഗോഡൗണില്‍ അഗ്നിബാധ; 11 തൊഴിലാളികള്‍ മരിച്ചു

സെക്കന്തരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.

സക്കന്തരാബാദിലെ ബോയ്ഗുഡിയിലെ തടി ഗോഡൗണിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

അപകടത്തിൽപ്പെട്ടവരെല്ലാം ഉറങ്ങുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ഥലത്തെത്തിയ അഞ്ച് ഫയർ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്.

മൃതദേഹങ്ങൾ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 10 മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. തടി ഡിപ്പോ ഉടമയുടെ അനാസ്ഥയും സുരക്ഷാ ചട്ടങ്ങളുടെ ലംഘനവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് സംഭവസ്ഥലത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

തീപിടിത്തത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടുക്കം രേഖപ്പെടുത്തുകയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ചീഫ് സെക്രട്ടറി സോമേഷ് കുമാറിന് മുഖ്യമന്ത്രി നിർദേശം നൽകി.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി. ശ്രീനിവാസ് യാദവ്, ചീഫ് സെക്രട്ടറി സോമേഷ് കുമാർ, പോലീസ് കമ്മീഷണർ ആനന്ദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Print Friendly, PDF & Email

Leave a Comment

More News