ഗതാഗതക്കുരുക്ക്: ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇനി പ്രത്യേക പാത, നിയമം ലംഘിച്ചാല്‍ പിഴ 10000 രൂപ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക പാത ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പാതയിലൂടെ മാത്രമേ ബസുകളും ചരക്ക് വാഹനങ്ങളും സഞ്ചരിക്കാന്‍ പാടുള്ളു. ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ പരീക്ഷണം..

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ പ്രത്യേക പാത ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമം ലംഘിച്ച് മറ്റു പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെ ഈ പാതകള്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും.. ബാക്കിയുള്ള സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരി
ക്കാനാകും. ബസ് പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക പാതയിലൂടെ ഗതാഗതം കര്‍ശനമായി നടപ്പാക്കാന്‍ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ടീമിനേയും ഗതാഗത വകുപ്പ് നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി പാതകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. വാഹനം മാറ്റാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം അവിടെനിന്നും മാറ്റും. ഇതിനുള്ള ചാര്‍ജും ഉടമയില്‍ നിന്ന് ഈടാക്കും. നിയമലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയും വീഡിയോയും ഉദ്യോഗസ്ഥര്‍ ചിത്രീകരിക്കും.

Print Friendly, PDF & Email

Leave a Comment

More News