മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു.

കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു.1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. 1984, 89 കാലയളവില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്.

1977ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. എ.കെ. ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീര്‍.

പ്രേംനസീറിന്റെ സഹോദരി സുഹ്‌റ ബഷീര്‍ ആണ് ഭാര്യ. നാളെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും.

Print Friendly, PDF & Email

Leave a Comment

More News