തടവിലാക്കപ്പെട്ടവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; ക്രിമിനൽ ഐഡന്റിഫിക്കേഷൻ റൂൾസ് ബില്ലുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്ര ക്രിമിനൽ നടപടി പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലാകുന്നവരുടെയും ഭൗതികവും ജൈവപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി ബിൽ.

1920-ലെ തടവുകാരെ തിരിച്ചറിയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് നിർണായക ബിൽ തയ്യാറാക്കിയത്. വിരലടയാളം, കൈയക്ഷര വിശദാംശങ്ങൾ, പാദ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്കാൻ, ഒപ്പ്, കൈയക്ഷരം, കുറ്റവാളികളുടെ, തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങൾ എന്നിവ ശേഖരിക്കാം.

അതേ സമയം മൗലികാവകാശങ്ങളുടെ ലംഘനമാണിത് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ബിൽ അവതരിപ്പിച്ചത്. വിവര സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടാക്കാമെന്ന് ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. കോടതി വിട്ടയച്ചവരുടെ വിവരങ്ങൾ സൂക്ഷിക്കില്ലെന്നും കേന്ദ്രം ഉറപ്പു നൽകി. ഈ ബില്ലിന് കീഴിൽ ശേഖരിക്കുന്ന വിവരങ്ങൾ 75 വർഷം വരെ പോലീസിന് സൂക്ഷിക്കാം.

Print Friendly, PDF & Email

Leave a Comment

More News