മകന്റെ മൃതദേഹം നാലുവര്‍ഷം അടുക്കളയില്‍ സൂക്ഷിച്ചു; പിതാവ് അറസ്റ്റില്‍

ടെക്‌സസ്: 2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2018 മേയില്‍ മരിച്ചുവെന്നു കരുതുന്ന ജെയ്‌സന്റെ മൃതദേഹമാണ് പിതാവ് മെക്ക്മൈക്കിള്‍ (67) ഈസ്റ്റ് ടെക്‌സസിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജെയ്‌സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല.

മകന്‍ എവിടെയാണെന്ന് അയല്‍വാസികള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പിതാവില്‍ നിന്നു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. വെല്‍ഫെയര്‍ ചെക്കിംഗിനെത്തിയ പൊലിസാണു മുഴുവനും അഴുകി തീര്‍ന്ന ജെയ്‌സന്റെ അസ്ഥികൂടം അടുക്കളയില്‍ കണ്ടെത്തിയത്. പൊലിസ് വീട്ടില്‍ എത്തി ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു.

ജെയ്‌സന്റെ തിരോധാനത്തെക്കുറിച്ചു ആരുംതന്നെ ബന്ധുക്കള്‍ ഉള്‍പ്പെടെ പൊലിസിനെ അറിയിച്ചിട്ടില്ലായിരുന്നു എന്നതാണു പൊലിസിനെ അത്ഭുതപ്പെടുത്തുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു.

ശരീരാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ഡാലസിലെ സൗത്ത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക്ക് സയന്‍സിലേക്കു മാറ്റി. സ്വാഭാവിക മരണമാണോ അതോ കൊലപാതകമാണോ എന്നു പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്നു പൊലിസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News