സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് പതാക ഉയരും; പ്രതിനിധി സമ്മേളനം ബുധനാഴ്ച മുതല്‍

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) ഇന്നു വൈകുന്നേരം സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍ നിന്നും കൊടിമരം കയ്യൂരില്‍ നിന്നും ഇന്നു വൈകുന്നേരത്തോടെ എത്തിച്ചേരും. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി നയിക്കുന്ന കൊടിമര ജാഥ വൈകുന്നേരം അഞ്ചോടെ സമ്മേളന നഗരിയില്‍ എത്തിച്ചേരും.

സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥ കണ്ണൂര്‍ ജില്ലയില്‍ ഇന്നു രാവിലെ പ്രവേശിച്ചു. പതാക ജാഥയും വൈകുന്നേരം അഞ്ചോടെ സമ്മേളന നഗരിയില്‍ എത്തിച്ചേരും. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പ്രതിനിധികള്‍ കണ്ണൂരില്‍ എത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച രാത്രിയോടെ കണ്ണൂരില്‍ എത്തി. സമ്മേളനത്തിന് മുന്നോടിയായി ഇന്നു വൈകുന്നേരം പോളിറ്റ് ബ്യൂറോ യോഗം കണ്ണൂരില്‍ ചേരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News