ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി

ന്യുഡല്‍ഹി: ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു. ബംഗലൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാലാണ് ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനു ശേഷം അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.ഡി അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറി അപ്പീല്‍ നല്‍കിയത്.

വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

Print Friendly, PDF & Email

Leave a Comment

More News