വിപ്ലവ നഗരിക്ക് ആവേശമായി സ്റ്റാലിന്‍ കണ്ണൂരില്‍; തമിഴ്‌നാട് മോഡല്‍ സഖ്യം ദേശീയതലത്തില്‍ വേണമെന്ന് യെച്ചൂരി

കണ്ണൂര്‍: വിപ്ലവ നഗരിക്ക് ആവേശമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കണ്ണൂരില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സ്റ്റാലിന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്‍. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്‌നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ദേശീയ സഖ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാൾ; മുഖ്യമന്ത്രിയെ പ്രശംസിച്ച് സ്റ്റാലിന്‍

ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാളാണ് പിണറായി എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേരുതന്നെയാണ് തെളിവെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ് പിണറായി വിജയൻ. പിണറായി ഭരണം തനിക്ക് വഴികാട്ടി. മലയാളത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രസംഗിച്ച്‌ തുടങ്ങിയത്.

സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരേ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച്‌ ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്‍റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News