ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

രാജ്യത്തെ ചടുലവും വൈവിധ്യപൂര്‍ണവുമായ തൊഴില്‍ സംസ്‌ക്കാരവുമുള്ള മികച്ച സ്ഥലമായി യു.എസ്.ടിയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്. ഉയര്‍ന്ന വിശ്വാസ്യതയും പ്രകടനവും കാഴ്ച വെയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു.എസ്.ടിക്ക് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആദരം ലഭിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി വളരെ വിശദവും കര്‍ശനവുമായ പരിശോധനാ സംവിധാനങ്ങള്‍ക്ക് വിധേയമായിരുന്നു. അതില്‍, ദ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വ്വേ, കള്‍ച്ചര്‍ ഓഡിറ്റ് എന്നീ പ്രക്രിയകള്‍ ഉള്‍പ്പെടുന്നു. സ്ഥാപനത്തില്‍ വിശ്വാസം, അഭിമാനം, പരസ്പര സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും യു.എസ്.ടി പ്രകടിപ്പിച്ച പ്രത്യേക ശ്രദ്ധയുടേയും ശ്രമങ്ങളുടേയും തെളിവാണ് ഈ നേട്ടം.

നേരത്തേ തന്നെ യു.എസ്.ടി അമേരിക്ക, യു കെ, മെക്സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടിയിരിരുന്നു. ഇന്ത്യയിലേയും മികച്ച തൊഴിലിടമെന്ന അംഗീകാരം ലഭിച്ചതോടെ ആഗോളതലത്തില്‍ തന്നെ വിവിധ ഭൂവിഭാഗങ്ങളിലെ മികച്ച തൊഴിലിടമെന്ന അസൂയാര്‍ഹമായ നിലയിലേക്ക് മാറുകയാണ്.

2019-20 ലാണ് യു.എസ്.ടിയെ ഇന്ത്യയിലെ മികച്ച തൊഴിലിടമായി ആദ്യമായി തെരഞ്ഞടുത്തത്. ഇന്ത്യയിലെ ഇരുപതിനായിരത്തോളമുള്ള ജീവനക്കാരുടെ പ്രതിഭയും വ്യവസായ രംഗത്തെ വളര്‍ച്ചയും കൊണ്ട് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്.ടിയുടെ പ്രധാന കേന്ദ്രമായി മാറാന്‍ യു.എസ്.ടി ഇന്ത്യയ്ക്ക് കഴിഞ്ഞതായി യു.എസ്.ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് പറഞ്ഞു. ഇന്ത്യയില്‍ ലഭിച്ച മികച്ച തൊഴിലിടമെന്ന ഈ അംഗീകാരം വിനയത്തോടെയും ആദരവോടെയും സ്വീകരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടം യു.എസ്.ടിയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും സംസ്‌ക്കാരത്തിനും, ഓരോ ജീവനക്കാരും അവരുടെ കഴിവുകള്‍ പൂര്‍ണമായ തോതില്‍ വളര്‍ത്തിയെടുക്കാനുള്ള തൊഴില്‍ സംസ്‌ക്കാരത്തിനും ലഭിച്ച ശ്രദ്ധേയമായ സാക്ഷ്യപത്രമാണെന്നും മനു ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

യു.എസ്.ടിയില്‍ സുതാര്യതയുടേയും ആദരവിന്റെയും സംസ്‌ക്കാരം പ്രദാനം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്സസ് ഗ്ലോബല്‍ മേധാവി കവിതാ കുറുപ്പ് പറഞ്ഞു. ജീവനക്കാരാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിത്തറയെന്നും അവരുടെ കഠിനാധ്വാനമാണ് സ്ഥാപനത്തിന് വളരാനും സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താനും കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജീവനക്കാര്‍ക്ക് പഠിക്കാനും വളരാനുമുള്ള അതിരുകളില്ലാത്ത അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും, വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളോടുള്ള യു.എസ്.ടിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന പുതിയ അംഗീകാരത്തെ വിനയത്തോടെ സ്വീകരിക്കുന്നതായും കവിതാ കുറുപ്പ് പറഞ്ഞു.

പുതിയ നേട്ടത്തിന് പുറമേ 2021 ലെ ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ്സിന്റെ ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ പുരസ്‌ക്കാരവും യു.എസ്. ടി കരസ്ഥമാക്കിയിരുന്നു. 2021 ലെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള 100 മികച്ച കമ്പനികളില്‍ ഒന്നായി യു.എസ്.ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ലെ എക്സ്ംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍ അംഗീകാരവും കമ്പനിയെ തേടിയെത്തി. കൂടാതെ, 2021 ലെ ഇന്ത്യയിലെ മികച്ച തൊഴിലിടമായി കമ്പനിയെ അമ്പീഷന്‍ ബോക്സും തെരഞ്ഞെടുത്തിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്ന അംഗീകാരവും യു.എസ്.ടിക്കുണ്ട്. ഏഷ്യാ-പെസഫിക് മേഖലകള്‍ക്കായുള്ള അഭിമാനകരമായ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. യു.എസ്.ടിയുടെ ആഗോളതലത്തിലുള്ള വ്യവസായ സംരംഭങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News