ജഹാംഗീർപുരി അക്രമത്തിലെ മുഖ്യപ്രതി ബിജെപി നേതാവാണെന്ന് എഎപി

ന്യൂഡല്‍ഹി: ഏപ്രിൽ 16 ന് നടന്ന ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അതിഷി ചൊവ്വാഴ്ച ആരോപിച്ചു.

കേസിലെ മുഖ്യപ്രതിയായ അൻസാർ ബിജെപി കേഡറിന്റെ ഭാഗമാണെന്നും, പാർട്ടിയുടെ രാഷ്ട്രീയത്തിൽ സജീവ പങ്കുവഹിക്കുന്നയാളാണെന്നും എഎപി എംഎൽഎ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ജഹാംഗീർപുരി സ്ഥാനാർത്ഥി സംഗീത ബജാജിനെ മണ്ഡലത്തിൽ മത്സരിക്കാനും വിജയിപ്പിക്കാനും അദ്ദേഹം സഹായിച്ചതായും അവർ ആരോപിച്ചു.

“ജഹാംഗീർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപി നേതാവാണ്. ബി.ജെ.പിയുടെ സ്ഥാനാർഥി സംഗീത ബജാജിനെ മത്സരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും ബി.ജെ.പിയിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തം. ഡൽഹിക്കാരോട് ബിജെപി മാപ്പ് പറയണം. ബിജെപി ഗുണ്ടകളുടെ പാർട്ടിയാണ്,” അതിഷി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ജഹാംഗീർപുരി അക്രമം:

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി റാലിക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. വൈകുന്നേരം 6 മണിയോടെ നടന്ന അക്രമത്തിൽ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് റിപ്പോർട്ട് ചെയ്തു.

“ജാഥ കുശാൽ സിനിമയിലെത്തിയപ്പോൾ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. കല്ലേറും ഉണ്ടായി,” ഡൽഹി പോലീസ് പിആർഒ അന്യേഷ് റോയ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ജാഥയുടെ ഒരു വീഡിയോയിൽ, ആളുകൾ കാവി പതാകകൾ വീശുന്നതും തോക്കുകളും പിസ്റ്റളുകളും കൈവശം വയ്ക്കുന്നതും കാണാം. മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ, സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജഹാംഗീർപുരിയിലെ സിഡി ബ്ലോക്ക് മാർക്കറ്റിലൂടെ കടന്നുപോകുന്ന ജാഥയുടെതാണ്.

ആരാണ് അൻസാർ ഷെയ്ഖ്?

ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിലെ പ്രധാന പ്രതികളിലൊരാളായ അൻസാർ ഷെയ്ഖിന് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ പ്രധാന വ്യവസായ ടൗൺഷിപ്പായ ഹാൽദിയയിൽ ഒരു ആഡംബര മാൻഷൻ ഉണ്ട്. അവിടെ ഒരു മനുഷ്യസ്‌നേഹിയുടെ പ്രതിച്ഛായയാണ് അന്‍സാര്‍ ഷെയ്ഖിനുള്ളത്.

“ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചിൽ നിന്നുള്ള ആശയവിനിമയത്തെത്തുടർന്ന്, സംസ്ഥാന സിഐഡി ഹാൽദിയയിലെ അൻസാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചു. കൂടുതൽ അന്വേഷണത്തിനായി ഡൽഹി പോലീസിന്റെ ഒരു സംഘം പശ്ചിമ ബംഗാളിൽ എത്തിയേക്കും,” പശ്ചിമ ബംഗാൾ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ അൻസാർ അസം സ്വദേശിയാണെങ്കിലും വിവാഹം കഴിച്ചിരിക്കുന്നത് ഹാൽദിയയിൽ നിന്നാണ്. വിവാഹശേഷം ഹൽദിയയിൽ ഒരു മാളിക പണിയുകയും ഇടയ്ക്കിടെ ഇവിടെ വരുകയും ചെയ്തിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

“വിവിധ സാമൂഹിക-മത പ്രവർത്തനങ്ങൾക്കായി വൻതുക സംഭാവന ചെയ്തുകൊണ്ടാണ് അന്‍സാര്‍ ഹാൽദിയയില്‍ ഒരു മനുഷ്യസ്‌നേഹിയുടെ പ്രതിച്ഛായ നേടിയെടുത്തത്. ഹാൽദിയയിൽ വരുമ്പോഴെല്ലാം അയൽക്കാരെ തന്റെ മാളികയിലേക്ക് ക്ഷണിക്കുകയും വിരുന്നു സല്‍ക്കാരം സംഘടിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ അയൽവാസികൾക്കിടയിലും അദ്ദേഹം വളരെ ജനപ്രിയനായിരുന്നു,” സിഐഡി വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാന പോലീസ് അൻസാറിനെക്കുറിച്ച് ഹാൽദിയയിൽ അന്വേഷിച്ചപ്പോഴാണ് ജഹാംഗീർപുരി അക്രമത്തിൽ അൻസറിന്റെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞ പ്രദേശവാസികൾ ഞെട്ടിയത്.

Print Friendly, PDF & Email

Leave a Comment

More News