ഇരട്ട പ്രമോഷന്‍ വേണ്ട; ചിന്തയെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ രണ്ടഭിപ്രായം

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെ എതിര്‍പ്പുമായി ഒരു വിഭാഗം. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുന്നത് ഗുണകരമാവുമെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഒരാള്‍ക്ക് രണ്ട് പദവി നല്‍കേണ്ടതില്ലെന്നാണ് അഭിപ്രായം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്ഐ തീരുമാനം പാര്‍ട്ടി അംഗീകരിച്ചാല്‍ ചിന്തയ്ക്ക് പകരം വസീഫ് പ്രസിഡന്റ് ആകാനാണ് സാധ്യത. അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വസീഫ് പരിഗണിക്കപ്പെടും. മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയും വസീഫിന് തുണയാകാന്‍ സാധ്യതയുണ്ട്. നിലവിലെ സെക്രട്ടറിയായ വികെ സനോജിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.

Print Friendly, PDF & Email

Leave a Comment

More News