യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍‌ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു

വാഷിംഗ്ടണ്‍: പാക്കിസ്താനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു.

ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് ഒമര്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്റെ സന്ദര്‍ശനം ഒമറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് അറിന്‍ഡം ബക്ഷി അഭിപ്രായപ്പെട്ടു. അവര്‍ ഉള്‍പ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസ്സിലോ അവര്‍ക്കു എന്തുമാകാം എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അതേസമയം, പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച ഒമറിന്റെ നടപടിയെ ചോദ്യം ചെയ്ത് പാക്കിസ്താന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ അതോ ആഭ്യന്തര ഇടപെടലാണോ എന്ന് റാണ ഒരു പ്രസ്താവനയില്‍ ചോദിച്ചു.

തന്നെ ഭരണത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനു പ്രതിപക്ഷം യുഎസ്സുമായി ഗൂഢാലോചന നടത്തിയെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടും, എന്തുകൊണ്ടാണ് യുഎസ് കോണ്‍ഗ്രസ് അംഗം അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും റാണാ ചോദിച്ചു. കളങ്കിതനായ മുന്‍ പ്രധാനമന്ത്രി നിരപരാധിയാണെന്നു ജനങ്ങള്‍ക്കു മുമ്പില്‍ ബോധ്യപ്പെടുത്തണം. ഇതിനെകുറിച്ചു അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

യുഎസ് കോണ്‍ഗ്രസ്സിലെ രണ്ടു മുസ്ലിം അംഗങ്ങളില്‍ ഒരാളാണ് ഒമര്‍. സൊമാലിയയില്‍ ജനിച്ച ഇവര്‍ അവിടെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 6ാം വയസ്സിലാണ് അമേരിക്കയില്‍ എത്തുന്നത്. 1990 ല്‍ അമേരിക്കയില്‍ എത്തിയ ഇവര്‍ 1997 ല്‍ മിനസോട്ടയില്‍ താമസമാക്കി. അവിടെ നിന്നാണ് യുഎസ് കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News