വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഉടന്‍ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. നടന് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്നും അയാള്‍ ദുബായിലാണ് ഉള്ളതെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളുണ്ട്. ഈ മാസം 24നാണ് ഇയാള്‍ ദുബായിലേക്ക് പോയതെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സിനിമയിലെ മൂന്നാം കിട വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ വിജയ് ബാബു ചെയ്തതെന്ന് ഡബ്ല്യുസിസി ആരോപിച്ചു.

പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പോലീസും തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതിനിടെ, വിജയ് ബാബു ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതി തന്നെ ബ്ലാക്ക് മെയില്‍ െചയ്യുകയാണെന്നും തനിക്ക് കുടുംബമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമയില്‍ അവസരത്തിനു വേണ്ടി അടുപ്പം സ്ഥാപിച്ചതെന്നും ഇവര്‍ അയച്ച വവാട്‌സ്ആപ് ചാറ്റുകളും ചിത്രങ്ങളും പോലീസിന് കൈമാറാന്‍ തയ്യാറാണെന്നും വേണ്ടിവന്നാല്‍ കോടതിക്കു നല്‍കാനും തയ്യാറാണെന്നും വിജയ് ബാബു പറയുന്നു. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ഒത്തുകളിക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News