കലാപത്തിന് പ്രേരിപ്പിച്ചതിന് എഎപി വനിതാ നേതാവ് നിഷാ സിംഗിന് ഏഴ് വർഷം കഠിന തടവ്

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ അർബൻ ഹൗസിംഗ് ഡെവലപ്‌മെന്റ് അതോറിറ്റി (ഹുഡ) സംഘത്തിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രാദേശിക കൗൺസിലർ നിഷ സിംഗ് ഉൾപ്പെടെ 10 സ്ത്രീകൾക്ക് കോടതി 7 വർഷം കഠിന തടവ് വിധിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ഏഴ് പ്രതികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി മോന സിംഗ് വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്.

പോലീസ് രേഖകൾ പ്രകാരം, 2015 മെയ് 15 ന്, ഹുഡയിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാജ്പാൽ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സെക്ടർ-47 ജിമ്മർ ബസ്തിയിലെ കൈയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കുകയായിരുന്നു. ഈ സമയത്ത് അഭിഭാഷകരായ ഖജൻ സിംഗ്, പ്രദീപ് ജലദാർ, മുൻസിപ്പൽ കോർപ്പറേഷനിലെ അന്നത്തെ വനിതാ കൗൺസിലർ നിഷ സിംഗ് എന്നിവർ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുടർന്ന് ജനക്കൂട്ടം ഉദ്യോഗസ്ഥരെയും സംഘത്തെയും ആക്രമിച്ചു. പോലീസ് സംഘത്തിന് നേരെ ജനക്കൂട്ടം പെട്രോൾ ബോംബുകളും എൽപിജി സിലിണ്ടറുകളും എറിഞ്ഞു. സംഭവത്തിൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിനും 15 പോലീസുകാർക്കും പരിക്കേറ്റു. തുടർന്ന് സദർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സംഭവത്തിന് ശേഷം നിഷ സിംഗ് ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്യുകയും കലാപം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി. ഇതിനുശേഷം എല്ലാവരും ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ, കോടതി ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ 17 പേരെയും ബോണ്ട്സി ജയിലിലേക്ക് മാറ്റി.

ആരാണ് നിഷ സിംഗ്?

2011-ൽ ഗുരുഗ്രാമിലെ വാർഡ് നമ്പർ 30-ൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിഷ സിംഗ് മത്സരിച്ച് വിജയിച്ചിരുന്നു. ഇതിനുശേഷം അവർ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. 2016 വരെ അവർ കൗൺസിലറായിരുന്നു. മുംബൈ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ധനകാര്യത്തിൽ എംബിഎ നേടി. കോഴ്‌സിന് ശേഷം അവര്‍ ഗൂഗിളില്‍ ചേർന്നു. മുമ്പ് സീമെൻസിൽ ജോലി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അവർ ഗൂഗിൾ വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News