‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടുവെന്ന് മന്ത്രി; മന്ത്രിയെ തള്ളി ഡബ്ല്യൂസിസി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി തന്നോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഡബ്ല്യൂസിസി നിരന്തരം ആരോപിക്കുന്നതിനിടെയാണ് സംഘടനയെ വെട്ടിലാക്കുന്ന ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്.

ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിഷന്‍. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. അതില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു.

സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും തരാസംഘടനയായ അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കുകയാണ് ചിലരെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News