പുടിന്റെ മനോനില തെറ്റുന്നതായി അടുത്ത വൃത്തങ്ങള്‍

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യവും മനോനിലയും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ രഹസ്യാന്വേഷണ ഏജന്‍സി കെജിബിയുടെ മുൻ ഉദ്യോഗസ്ഥൻ ബോറിസ് കാർപിച്ച്‌കോവ് പറഞ്ഞു. സ്വന്തം സുരക്ഷാ സംവിധാനത്തിൽ പോലും പുടിന് വിശ്വാസമില്ല. തന്റെ ഏറ്റവും അടുത്ത അനുയായികളിൽ നിന്ന് പോലും അസുഖം മറച്ചുവെച്ച് താനൊരു “ഉരുക്കു മനുഷ്യൻ” ആണെന്ന പ്രതിച്ഛായ നിലനിർത്താനാണ് പുടിൻ ശ്രമിക്കുന്നതെന്ന് ബോറിസ് പറഞ്ഞു.

സംശയാലുവായ പുടിന്‍ ഇപ്പോള്‍ ഏകാധിപതിയായ സ്‌റ്റാലിനോട്‌ താരതമ്യപ്പെടുത്താവുന്ന മനോനിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റാലിന്‍ അവസാനകാലത്ത്‌ ആരെയും വിശ്വാസമില്ലാത്ത അവസ്‌ഥയിലായിരുന്നു. ആരോഗ്യം ശ്രദ്ധിക്കണമെന്നു പറഞ്ഞ ഡോക്‌ടറെപ്പോലും അദ്ദേഹം തടവിലാക്കി.

പുടിന്റെ ആരോഗ്യസ്‌ഥിതി നിരന്തരം വെളിപ്പെടുത്തിയിരുന്ന പ്രഫ. വലേറി സൊളോവിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അന്വേഷണ ഏജന്‍സികള്‍ ഏഴുമണിക്കൂറോളമാണു ചോദ്യംചെയ്‌തത്‌.

അര്‍ബുദശസ്‌ത്രക്രിയയ്‌ക്കു വിധേയനാകാന്‍ ഒരുങ്ങുന്ന പുടിന്‍ യുക്രൈന്‍ യുദ്ധത്തിന്റെ ചുമതലയൊഴിയാന്‍ നിര്‍ബന്ധിതനായേക്കുമെന്നു പ്രഫ. സൊളോവിയുമായി ബന്ധമുള്ള ടെലിഗ്രാം ചാനല്‍ “ജനറല്‍ എസ്‌.വി.ആര്‍” കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഏപ്രില്‍ രണ്ടാംവാരം നിശ്‌ചയിച്ചിരുന്നു ശസ്‌ത്രക്രിയ പിന്നീട്‌ മാറ്റിവയ്‌ക്കുകയായിരുന്നെന്നും ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പുടിന്‍ ഉദരാര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്‌ രോഗബാധിതനാണെന്നു 18 മാസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതും ഇതേ ചാനലാണ്‌.

Print Friendly, PDF & Email

Leave a Comment

More News