ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ്ശാ പട്ടംകൊട ശുശ്രൂഷ ഭക്തിസാന്ദ്രമായി

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർതോമ്മ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പയിൽ നിന്ന് കശ്ശീശാ പട്ടം സ്വീകരിച്ചു.

ഏപ്രിൽ 30 നു ശനിയാഴ്ച രാവിലെ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ ഭക്തിനിർഭരമായിരുന്നു. രാവിലെ 7:30 നു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ആലപിച്ച “സേനയിൻ യഹോവയെ നീ വനസേനയോടെഴുന്നള്ളേണമേ ശാലേമിതിൽ ” എന്ന ഗീതത്തിന്റെ അകമ്പടിയോടെ വൈദികർ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു.

തുടർന്ന് ശുശ്രൂഷയുടെ ആദ്യഭാഗമായി അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിച്ചു.

ഓസ്റ്റിൻ മാർത്തോമാ ഇടവക വികാരി റവ. ഡെന്നിസ് എബ്രഹാം ശുശ്രൂഷ മദ്ധ്യേ ധ്യാന പ്രസംഗം നടത്തി. കൊലോസ്സിയർ 3 : 12 – 17 വരെയുളള വാക്യങ്ങളെ ആധാരമാക്കി നടത്തിയ വചന ശുശ്രൂഷയിൽ കശ്ശീശാ പട്ടത്വത്തിലേക്കു പ്രവേശിക്കുന്ന ജെയ്സൺ ശെമ്മാശന് വേണ്ട ഉപദേശങ്ങൾ വേദപുസ്തകാടിസ്ഥാനത്തിൽ നൽകി. “ഓർക്കുക, നിന്നെ ആരാണ് വിളിച്ചിരിക്കുന്നത്? നീ എവിടെ നിന്ന് വന്നിരിക്കുന്നു? നിന്നെ വിളിച്ചിരിക്കുന്ന വിശ്വസ്തനായ ദൈവകരങ്ങളിൽ നീ പൂർണമായി സമർപ്പിക്കുക. വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക. അന്യോന്യം സ്‌നേഹിച്ചും കരുതിയും പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് കീഴ്പെട്ടു ചെയ്യുക” അച്ചൻ ധ്യാനപ്രസംഗത്തിൽ ഉത്‌ബോധിപ്പിച്ചു.

തുടർന്ന് നടന്ന പ്രത്യേക ശുശ്രൂഷ മദ്ധ്യേ അഭിവന്ദ്യ തിരുമേനിയുടെ മുമ്പിൽ ശെമ്മാശ്, കശീശയായി സ്ഥാനമേല്കുന്നതിനുള്ള സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. തുടർന്ന് കശീശ്ശായുടെ പദവിയിലേക്കു ഉയർത്തപ്പെടുന്നതിന്റെ അടയാളമായി സ്ഥാനവസ്ത്രമായ “കാപ്പ” തിരുമേനി ശെമ്മാശന് നൽകി. അതെ തുടർന്ന് തിരശീല മറച്ചു വൈദികർ ശെമ്മാശനെ കാപ്പ (കുർബാന കുപ്പായം) അണിയിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ അഭിവന്ദ്യ തിരുമേനിയോടൊപ്പം റവ. ജയ്‌സൺ വർഗീസ് കശീശ സഹകാർമ്മികനായി.

വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ്, റവ.ഡോ. ഈപ്പൻ വർഗീസ്, റവ.സാം.കെ.ഈശോ, റവ. റോഷൻ വി. മാത്യൂസ്, റവ. തോമസ് മാത്യു പി, റവ. സോനു വർഗീസ്, റവ. ലാറി വർഗീസ്, റവ. ഡെന്നിസ് എബ്രഹാം, റവ. ജെസ് മാത്യു ജോർജ്, റവ ജെസ്വിൻ സൈമൺ ജോൺ, റവ. എ.വി.തോമസ് (എപ്പിസ്കോപ്പൽ ചർച്ച്‌) എന്നീ വൈദികശ്രേഷ്ഠരും ശുശ്രൂഷകളിൽ പങ്കെടുത്തു നേതൃത്വം നൽകി.

മാർത്തോമാ സഭയിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയിൽ ജനിച്ചു വളർന്ന് പട്ടക്കാരായവരിൽ 14 മത്തെ കശീശയാണ് റവ. ജെയ്സൺ വർഗീസ്. ടെക്സസിൽ നിന്നുള്ള ഏഴാമത്തെ പട്ടക്കാരനും ഹൂസ്റ്റണിൽ നിന്നുള്ള രണ്ടാമത്തെ പട്ടക്കാരനുമാണ്. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ റവ. ലാറി വർഗീസ് ആണ് ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ മാർത്തോമാ പട്ടക്കാരൻ.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗങ്ങളായ പന്തളം ജെയ്സൺ കോട്ടേജിൽ (റാന്നി ചെള്ളേത്ത് പടിഞ്ഞേറെതിൽ) തോമസ് വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനാണ് റവ. ജെയ്സൺ വർഗീസ്. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നിന്ന് ബിരുദം (റിലീജിയൻ) എടുത്ത അച്ചൻ കോട്ടയം മാർത്തോമാ വൈദിക സെമിനാരിയിൽ നിന്ന് വൈദിക ബിരുദവും കരസ്ഥമാക്കി. മാർച്ച് 11 ന് വെള്ളിയാഴ്ച പന്തളം മാർത്തോമാ ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷയിൽ അഭിവന്ദ്യ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയിൽ നിന്ന് ശെമ്മാശ്ശ് പട്ടം സ്വീകരിച്ചു.

പട്ടംകൊട ശുശ്രൂഷയുടെ അനുഗ്രഹീതമായ നടത്തിപ്പിന് ഇമ്മാനുവേൽ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി. ഹൂസ്റ്റൺ, ഡാളസ്, ഓസ്റ്റിൻ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സഭാജനങ്ങളും ശുശ്രൂഷകളിൽ സംബന്ധിച്ചു.

ഇമ്മാനുവേൽ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

11:30 നു സമാപിച്ച ഭക്തിസാന്ദ്രമായ ശുശ്രൂഷയ്ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News